കൽപ്പറ്റ: വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ ബി.എസ്.എൻ.എൽ മുൻകൈ എടുക്കണമെന്ന് രാഹുൽ ഗാന്ധി എം.പി നിർദേശിച്ചു. പുതു തലമുറയുടെ ഭാവി, ഇന്റർനെറ്റ് സേവനങ്ങളുടെ ലഭ്യതയിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ സാമൂഹ്യമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന ദുർബല വിഭാഗങ്ങൾക്ക് കൂടി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് മാത്രമേ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കൂ.
കോഴിക്കോട് വയനാട് ജില്ലയിലെ ടെലികോം സേവനങ്ങളെ മുൻനിർത്തി കോഴിക്കോട് ബി.എസ്.എൻ.എൽ ഓഫീസിൽ നടന്ന ടെലിഫോൺ അഡ്വൈവസറി കമ്മറ്റിയിൽ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്തും ബി.എസ്.എൻ.എൽ നടത്തി വരുന്ന സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എം.കെ രാഘവൻ എം.പി ബി.എസ്.എൻ.എൽ സ്ഥാപനത്തെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
വയനാട് ജില്ലയിലും, തിരുവമ്പാടിയിലും നെറ്റ് വർക്ക് കവറേജ് ഇല്ലാത്ത മേഖലകളുടെ വിവരങ്ങൾ രാഹുൽ ഗാന്ധി എം.പി ബി.എസ്.എൽ.എല്ലിന് കൈമാറുകയും ഈ പ്രദേശങ്ങളിലെ പരിഹാര സാധ്യതകൾ രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാമെന്ന് കോഴിക്കോട് ബി.എസ്.എൻ.എൽ ജനറൽ മാനേജർ സാനിയ അബ്ദുൾ ലത്തീഫ് ഉറപ്പു നൽകുകയും ചെയ്തു.
കോഴിക്കോട് ബിസിനസ് ഏരിയയുടെ കീഴിൽ വരുന്ന കോഴിക്കോട്, വയനാട് ജില്ലകളിലെ ഉപദേശക സമിതി അംഗങ്ങൾ മീറ്റിങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. മിലി മോഹൻ, പി.കെ കമല, പടയൻ മുഹമ്മദ്, പി.പി അലി, മഠത്തിൽ അബ്ദുറഹ്മാൻ, കെ.ടി വിനോദൻ, ടി. രാജൻ, ഐ. മൂസ, മനോളി ഹാഷിം, കെ.വി സുബ്രഹ്മണ്യൻ, എ. അരവിന്ദൻ, എം.എ റസാക്ക് മാസ്റ്റർ, കെ.സി അബു, കോഴിക്കോട് ബി.എസ്.എൻ.എല്ലിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.