സുൽത്താൻ ബത്തേരി: കൊവിഡ് നിയന്ത്രണങ്ങൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചായതോടെ സർവീസ് നടത്താനാവാതെ ദുരിതത്തിലായി സ്വകാര്യ ബസുടമകളും ജീവനക്കാരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു ഭാഗത്ത് കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്താൽ അത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മൊത്തം ടി.പി.ആർ കണക്കിൽ കാണിച്ച് പഞ്ചായത്ത് ഒന്നാകെ അടച്ചിടുന്നതാണ് സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. സർവീസ് നടത്തുന്ന റൂട്ടുകളിൽ ഏതെങ്കിലും ഒരു ഭാഗത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയാൽ ആ റൂട്ടിൽ പിന്നെ സർവീസ് നടത്താനാവില്ല.
നിലവിൽ അമ്പലവയലിലും നൂൽപ്പുഴ പഞ്ചായത്തിലും ബസ് സർവീസ് നടത്താനാവില്ല. അമ്പലവയൽ പഞ്ചായത്ത് ട്രിപ്പിൾ ലോക്ഡൗണിലായതോടെ ഇതുവഴിയുള്ള പത്തോളം സ്വകാര്യബസുകൾ സർവീസ് നടത്താൻ കഴിയാതെ നിർത്തിയിട്ടിരിക്കുകയാണ്. സുൽത്താൻ ബത്തേരി-കൊളഗപ്പാറ കവല വഴി അമ്പലവയൽ-വടുവൻചാൽ റൂട്ടിലാണ് ബസ് സർവീസ് നടത്തുക. ഇതിൽ സുൽത്താൻ ബത്തേരി നഗരസഭ പ്രദേശത്ത് പൊതുഗതാഗതത്തിന് അനുമതിയുണ്ടെങ്കിലും റൂട്ട് കടന്ന് പോകുന്ന അമ്പലവയൽ പ്രദേശം പഞ്ചായത്ത് ട്രിപ്പിൾലോക്ഡൗൺ വരുന്ന ഡി കാറ്റഗറിയിലാണ്. സർവീസ് പുനരാംഭിക്കുന്ന വടുവൻചാൽ സി കാറ്റഗറിയിലും. അതുകൊണ്ട് ഇതുവഴി സർവീസ് നടത്താൻ അനുമതിയില്ല. ഇതേ അവസ്ഥയാണ് നൂൽപ്പുഴ പഞ്ചായത്തിലും ഇവിടെ സർവീസ് നടത്തിവരുന്ന 20 ബസുകളാണ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത കാരണം ഓടാൻ കഴിയാതെ നിർത്തിയിട്ടിരിക്കുന്നത്.
അശാസ്ത്രീയ നിയന്ത്രണങ്ങൾ സ്വകാര്യ ബസ്‌മേഖലയെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതം ദുരിതത്തിലാക്കുന്നു. ലോക്ഡൗൺ കാരണം ബസുകൾ മാസങ്ങളോളം നിർത്തിയിട്ട് വീണ്ടും സർവീസ് തുടങ്ങാൻ അറ്റകുറ്റ പണികൾ ചെയ്യണം. പണി കഴിഞ്ഞിറക്കാൻ നല്ലൊരു തുക ചെലവഴിക്കണം. യാത്രക്കാർ കുറവാണെങ്കിലും ബസ് ഓടിതുടങ്ങുമ്പോഴെക്കും റൂട്ടിൽ ഏതെങ്കിലും ഒരു ഭാഗത്ത് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ടി.പി.ആർ അനുസരിച്ച് സി,ഡി,കാറ്റഗറിയിലേക്ക് മാറിയാൽ ഇതുവഴിയുള്ള സർവീസ് നിർത്തിവെക്കേണ്ടി വരുന്നു. ഗ്രാമീണമേഖലയിലെ ബസ് സർവീസുകളെയാണ് ടി.പി.ആർ കണക്ക് പ്രധാനമായും ബാധിച്ചിരുക്കുന്നത്. ദേശീയപാതവഴി സർവീസ് നടത്തുന്ന ബസുകളെ ഇത് ബാധിക്കുകയില്ല. ടി.പി.ആർ കണക്കിലെ അശാസ്ത്രീയത ഒഴിവാക്കി പൊതുഗതാഗതത്തിന് അനുവാദം നൽകണമെന്നും സർക്കാർ തലത്തിൽ സ്വകാര്യ ബസ്‌മേഖലയെ സംരക്ഷിക്കാൻ നടപടിയുണ്ടാവണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.