മാനന്തവാടി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് രണ്ട് വാക്‌സിനും സ്വീകരിച്ച സർട്ടിഫിക്കറ്റ് മതിയെന്ന് സംസ്ഥാന സർക്കാർ. ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ ഇറക്കിയ ഉത്തരവിലാണ് പുതിയ നിർദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം പ്രചരിച്ച ജൂൺ 17 ന് ഇറങ്ങിയതായി പറയുന്ന ഉത്തരവ് വ്യാജമാണെന്ന് പറഞ്ഞതിന് പുറകെയാണ് ഇന്നലെ പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.

2 വാക്‌സിനെടുത്താൽ പോലും അതിർത്തിയിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ഈ വിഷയത്തിൽ നിരവധി തവണ മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പ്രതിപക്ഷ നേതാവും വിഷയത്തിലിടപെട്ടിരുന്നു. കർണാടക സർക്കാർ പോലും അതിർത്തിയിൽ ഒരു വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കാണിച്ചാൽ പ്രവേശനം അനുവദിച്ചിരുന്നു. സംസ്ഥാനത്തേക്ക് വരുന്ന യാത്രികരിൽ രണ്ട് വാക്‌സിൻ സ്വീകരിക്കാത്തവർക്കും, കൊവിഡ് രോഗ ലക്ഷണവുമായി വരുന്ന രണ്ട് വാക്‌സിൻ സ്വീകരിച്ച ആളുകൾക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.