മാനന്തവാടി: മഴയിൽ ഇടിഞ്ഞ കലുങ്ക് അപകട ഭീഷണിയിൽ. മാനന്തവാടി ഇല്ലത്ത് വയൽ പെരുവക റോഡിലെ കലുങ്കാണ് ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിലുള്ളത്. നഗരസഭാ പരിധിയിലെ ആറാട്ടുതറ ഇല്ലത്തുവയൽ പെരുവക റോഡിനെ ബന്ധിപ്പിക്കുന്ന കലുങ്കാണിത്. പുഴയോരത്തുകൂടി കടന്നുപോകുന്ന റോഡിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കലുങ്ക് 2018ലെ പ്രളയത്തിൽ ഭാഗികമായി തകരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ കലുങ്കിനരികിലെ മണ്ണുകൂടി ഇടിയാൻ തുടങ്ങിയതാണ് കാൽനടയാത പോലും ഭീതീയിലാക്കിയിരിക്കുന്നത്. ആറാട്ടുതറയിൽ നിന്നും ഇല്ലത്തുവയൽ വഴി മാനന്തവാടി ടൗണിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. പ്രദേശത്തെ രണ്ട് കോളനികളിൽ ഉൾപ്പെടെ നിരവധി ആളുകൾ കാൽനടയാത്രക്കും, ചെറിയ വാഹനങ്ങൾകൊണ്ട് പോകുന്നതിനും ഉപയോഗിക്കുന്ന റോഡിലെ കലുങ്കാണ് തകർന്ന് കൊണ്ടിരിക്കുന്നത്.
മാനന്തവാടി, പെരുവക, പാത്തിവയൽ എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന തോടിന് കുറുകെയുള്ള ഈ കലുങ്ക് രണ്ട് ഡിവിഷനുകളുടെ അതിർത്തി പങ്കിടുന്നതാണ്. കലുങ്കിന്റെ സ്ഥിതി നിരവധി തവണ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു ന്നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പാർശ്വ ഭിത്തി ഇടിഞ്ഞ് പോയ കലുങ്കിന് മുകളിലൂടെ ജീവൻ പണയം വച്ചാണ് ഇപ്പോൾ ആളുകൾ കാൽനട യാത പോലും ചെയ്യുന്നത്. വള്ളിയൂർക്കാവ് റോഡിനെയും പെരുവക റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള റോഡ് കുടിയാണിത്. അടിയന്തിരമായി കലുങ്കിന് സമീപത്ത് അപായ സൂചന ബോർഡുകൾ സ്ഥാപിക്കുകയും, ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് ആവശ്യം ഉയരുന്നത്.