വൈത്തിരി: ടൂറിസം മേഖലയിലെ സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞത്തിലൂടെ സംസ്ഥാനത്ത് സമ്പൂർണ വാക്‌സിനേഷൻ നേട്ടം കൈവരിച്ച ആദ്യ പഞ്ചായത്തായി വൈത്തിരി ഗ്രാമപഞ്ചായത്ത് മാറി. യജ്ഞത്തിന്റെ ഭാഗമായി, വൈത്തിരിയിൽ 18 വയസിനു മുകളിലുള്ളവരിൽ ആദ്യ ഡോസ് വാക്‌സിൻ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത 4837 പേർക്കാണ് വാക്‌സിൻ നൽകിയത്. ചേലോട് എച്ച്.ഐ.എം യു.പി സ്‌കൂൾ, ചുണ്ടേൽ ആർ.സി.എൽ.പി സ്‌കൂൾ എന്നീ രണ്ട് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ അഞ്ച് ദിവസങ്ങളിലായാണ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂർണ വാക്‌സിനേഷൻ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും ആരോഗ്യമന്ത്രി വീണ ജോർജും മുൻകൈയെടുത്താണ് വയനാട് ജില്ലയിലെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞം നടപ്പാക്കിയത്.
ആദ്യഘട്ടത്തിൽ വൈത്തിരി ഗ്രാമപഞ്ചായത്തിൽ നടത്തിയ പദ്ധതി മേപ്പാടി ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കും. സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് ഫോർ യുവിന്റെ കൂടി സഹകരണത്തോടെയാണ് സമ്പൂർണ വാക്‌സിനേഷൻ യജ്ഞം പൂർത്തിയാക്കിയത്.
വിദഗ്ധ ഡോക്ടർമാരും സ്റ്റാഫുമടങ്ങുന്ന മൂന്ന് മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളാണ് പദ്ധതിയ്ക്കായി ഡോക്ടേഴ്‌സ് ഫോർ യു അനുവദിച്ചത്. പൾസ് എമർജൻസി ടീം കേരളയുടെ സന്നദ്ധ പ്രവർത്തകരും സേവന രംഗത്തുണ്ടായിരുന്നു. ജില്ലാ ഭരണകൂടവും ആരോഗ്യ ടൂറിസം വകുപ്പുകളും വൈത്തിരി ഗ്രാമപഞ്ചായത്തും പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നൽകി.