മാനന്തവാടി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇനിയും വിദ്യാലയങ്ങൾ തുറക്കാതിരിക്കുകയും അധ്യയന പ്രവൃത്തികൾ ഓൺലൈനിലേക്ക് മാറ്റുകയും ചെയ്ത സാഹചര്യത്തിൽ വീടൊരു വിദ്യാലയമാക്കാൻ വിദ്യാർത്ഥികൾക്ക് പൂർണ്ണപിന്തുണ ഒരുക്കുകയാണ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്.

'അറിവിടങ്ങളിൽ നിങ്ങളോടൊപ്പം' എന്ന മുദ്രാവാക്യത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി തനതായി നടപ്പിലാക്കുന്ന ഫോക്കസ് (ഫോർ അവർ ചിൽഡ്രൻസ് യൂണിക് സപ്പോർട്ട്) പരിപാടിയാണ് 'മക്കളോടൊപ്പം".

21 വാർഡുകളുള്ള വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ 8969 കുട്ടികളാണ് പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെ പഠിക്കുന്നത്. 9 എൽ.പി സ്‌കൂളുകളും 6 യു.പി സ്‌കൂളുകളും 4 ഹൈസ്‌കൂളുകളും 2 ഹയർസെക്കൻഡറി സ്‌കൂളുകളും ഉൾപ്പെടെ 19 സ്‌കൂളുകളും 15 പ്രീപ്രൈമറി സൗകര്യമുള്ള ക്ലാസുകളും നടക്കുന്നുണ്ട്.

ഇതിൽ ഗോത്രവിഭാഗം കുട്ടികൾ 3702 ആണ്. ട്രൈബൽ വകുപ്പ് മുഖേന ഈ കുട്ടികളുടെ പഠന സൗകര്യങ്ങൾ ഡിജിറ്റൽ ഡിവൈസിനുള്ള കണക്ക് എന്നിവ ശേഖരിച്ചിട്ടുണ്ട്.

നിലവിൽ മൊബൈൽ നെറ്റ് വർക്ക് പ്രയാസങ്ങളുള്ള 62 ലൊക്കേഷനുകളിൽ സൗകര്യമൊരുക്കും. പതിനഞ്ച് പ്രത്യേക ഗോത്ര ബന്ധു അദ്ധ്യാപികമാർ പുതുതായി സ്‌കൂൾ പ്രവേശനം നേടിയ കുട്ടികൾക്ക് മാനസിക പിന്തുണ (മെന്റിംഗ്) നൽകിക്കൊണ്ട് പഞ്ചായത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നുണ്ട്. ഭിന്നശേഷി കുട്ടികൾക്കായി 3 സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരെയും, ഊരു വിദ്യാകേന്ദ്രങ്ങൾ, പ്രാദേശിക പഠനകേന്ദ്രങ്ങൾ, പ്രത്യേക പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ ചുമതലക്കാരായി എഡ്യൂക്കേഷൻ വളണ്ടിയർമാരെയും, ചിത്രകലാ, പ്രവൃത്തിപരിചയം, സംഗീതം, കായിക പ്രവൃത്തികൾ എന്നിവ അയൽപക്ക വിദ്യാകേന്ദ്രങ്ങളിൽ പരിശീലിപ്പിക്കാനായി 6 സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരെയും മാനന്തവാടി ബി.ആർ.സിയിൽ നിന്നും നിയമിച്ചിട്ടുണ്ട്.

പുതുതായി ഒന്നാം ക്ലാസിൽ എത്തിയ 728 കുട്ടികൾ പഞ്ചായത്തിലുണ്ട്. ഇവർക്കായി വീട്ടുമുറ്റം പദ്ധതി പഞ്ചായത്ത് ആവിഷ്‌കരിച്ചു വരുന്നു. വീട്ടിൽ സൗകര്യം ലഭിക്കാതെ പോയ വിദ്യാർത്ഥികൾക്ക് സ്വന്തമായി ഡിജിറ്റൽ ഡിവൈസ് നൽകുന്നതുവരെ അദ്ധ്യായന പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ 44 അയൽപക്ക കേന്ദ്രങ്ങൾ മുഴുവൻ വാർഡുകളിലുമായി ഒരുക്കിയിട്ടുണ്ട്. 862 വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നുമുണ്ട്. ടെലിവിഷനും ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും മറ്റ് സൗകര്യങ്ങളും സമീപ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഒരുക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്തിൽ നടന്ന ബോർഡ് യോഗത്തിൽ പ്രസിഡന്റ് സുധി രാധാകൃഷ്ണൻ പദ്ധതി നടത്തിപ്പ് വിശദീകരിച്ചു. അമ്മത് കൊടുവേരി, സൗദാ നിഷാദ് ,സഫീല പടയൻ, ജംഷീർ കുനിങ്ങാരത്ത് ,പി.എ അസീസ് എന്നിവരും ഓൺലൈൻ പഠനത്തിനായി വെള്ളമുണ്ട പഞ്ചായത്തിന്റെ ജില്ലാവിദ്യാഭ്യാസ ഓഫീസ് തല പ്രത്യേക ചുമതലയുള്ള മാനന്തവാടി ബി.ആർ.സി കോർഡിനേറ്റർ കൂടിയായ മുഹമ്മദലി കെ. എയും ആസൂത്രണ യോഗത്തിൽ പങ്കെടുത്തു.

 മൊബൈൽ നെറ്റ് വർക്ക് പ്രയാസങ്ങളുള്ള 62 ലൊക്കേഷനുകളിൽ സൗകര്യമൊരുക്കും