കൽപ്പറ്റ: കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലയിൽ വിവിധ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. കൽപ്പറ്റ കൈനാട്ടി ഗവ. ആശുപത്രിയിൽ 15 ദിവസമായി നൂറ്റൻപതോളം പ്രവർത്തകർ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ഇതുവരെ സേവനം ചെയ്തു. മാനന്തവാടി വൃദ്ധസദനം ,വാളാട് പി. എച്ച്.സി തുടങ്ങി ജില്ലയിൽ പല സ്ഥലങ്ങളിലും റെഡ്‌ക്രോസിന്റെ സേവനങ്ങൾ ഉണ്ട്.
കഴിഞ്ഞ ദിവസം ഏകദേശം 30 ലക്ഷത്തോളം രൂപയുടെ വെന്റിലേറ്ററുകൾ, ഓക്‌സിജൻ കോൺസട്രേറ്ററുകൾ,മാസ്‌കുകൾ, ഗോഡൗണുകൾ എന്നിവ ജില്ലയിലെ ആശുപത്രികൾക്കായി നൽകി.
മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിക്ക് ഒരു വെന്റിലേറ്ററും അഞ്ച് ഓക്‌സിജൻ കോൺസട്രേറ്ററുകളും റെഡ് ക്രോസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.പദ്മകുമാർ വിവേകാനന്ദ മെഡിക്കൽ മിഷൻ സെക്രട്ടറി കെ.എ. അശോകന് നൽകി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പദ്മശ്രീ ഡോ. ധനഞ്ജയ് സദ് ദേവിനെ ആദരിക്കുകയും ചെയ്തു.റെഡ് ക്രോസ് ജില്ലാ അഡ്മിനിസ്‌ട്രേറ്റർ ഉണ്ണികൃഷ്ണൻ .എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്‌ഹോക്ക് കമ്മറ്റി അംഗം കെ.ജി സതീശൻ സ്വാഗതവും റെഡ് ക്രോസ് ബത്തേരി താലൂക്ക്
ഇൻചാർജ് സുനിൽ ബാബു നന്ദിയും പറഞ്ഞു. ആശുപത്രികളിലെ സേവനപ്രവർത്തനങ്ങൾ വൈത്തിരി താലൂക്ക് ഇൻചാർജ് എ. പി ശിവദാസിന്റെ നേതൃത്വത്തിലും മാനന്തവാടി താലൂക്ക് ഇൻചാർജ് തങ്കച്ചൻ കെ.ജെയുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ അഡ്‌ഹോക്ക് കമ്മറ്റി അംഗങ്ങളായ അനിൽ കുമാർ മാനന്തവാടി, സ്റ്റീഫൻ ജേക്കബ്, കെ.ആർ അനിൽ കുമാർ, എ .പി.ശിവദാസ്, എം. പി സക്കീർ ഹുസൈൻ, അബ്ദുൾ സമദ്, ഷാജി പോൾ എന്നിവർ പ്രസംഗിച്ചു.