city

പുൽപ്പള്ളി: ഹരിതവത്കരണ പരിപാടികളിൽ മാതൃകയായി പുൽപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് സിറ്റിക്ലബ്ബ്. കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ പതിനായിരക്കണക്കിന് വൃക്ഷത്തൈകളാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീടുകളിൽ നേരിട്ടെത്തി കൈമാറിയത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാത്രമല്ല, മറിച്ച് വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർ, വിവിധ നേട്ടങ്ങൾ സ്വന്തമാക്കിയവർ, കർഷക പുരസ്‌ക്കാരങ്ങളും, കായികമേഖലയിൽ അംഗീകാരങ്ങളും നേടിയവർ എന്നിവർക്കെല്ലാം സിറ്റിക്ലബ്ബ് ഉപഹാരമായി നൽകാറുള്ളത് വൃക്ഷത്തൈകളാണ്. ക്ലബ്ബിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജന്മദിനം, വിവാഹവാർഷികം, മറ്റ് ആഘോഷച്ചടങ്ങുകൾ എന്നിവയ്ക്കും വൃക്ഷത്തൈകളാണ് ഉപഹാരമായി നൽകുക. അതോടൊപ്പം തന്നെ വിദ്യാലയങ്ങൾക്കും, ക്ലബ്ബുകൾക്കും വൃക്ഷത്തൈ നൽകിവരുന്നുണ്ട്.

സിറ്റിക്ലബ്ബ് സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി ഹരിതവത്ക്കരണ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമാണ്. ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. സുൽത്താൻ ബത്തേരി എം.എൽ.എയായ ഐ.സി ബാലകൃഷ്ണനാണ് വയനാട് സിറ്റി ക്ലബ്ബിന്റെ രക്ഷാധികാരി.

ജില്ലാപഞ്ചായത്ത് മെമ്പർ ബിന്ദുപ്രകാശ്, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാർ തുടങ്ങിയ ജനപ്രതിനിധികളും ക്ലബ്ബിലെ അംഗങ്ങളാണ്. ഓരോ കാലാവസ്ഥക്കും അനുസൃതമായി കൃഷിയിടത്തിൽ നടേണ്ട ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയെല്ലാം എത്തിച്ച് നൽകാൻ വയനാട് സിറ്റി ക്ലബ്ബിന് സാധിച്ചിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് അംഗവും, ക്ലബ്ബിന്റെ സജീവ പ്രവർത്തകയുമായ ബിന്ദു പ്രകാശ് പറയുന്നു.

ജില്ലയിലെ വിവിധ നഴ്‌സറികളിൽ നിന്നാണ് ഗുണമേന്മയുള്ള വൃക്ഷത്തൈകൾ ഹരിതവത്ക്കരണ പരിപാടികൾക്കായി ക്ലബ്ബ് എത്തിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി ടി.എം തോമസ് ഐസക്, കൃഷിമന്ത്രി വി.എസ് സുനിൽകുമാർ എന്നിവർ ക്ലബ്ബ് ഭാരവാഹികളെ അനുമോദിച്ചിരുന്നു. തോമസ് ഐസക് മുള്ളൻകൊല്ലിയിൽ വൃക്ഷതൈ നടീൽ ഉദ്ഘാടനവും ചെയ്തിരുന്നു. നൂറോളം അംഗങ്ങളുള്ള ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി പണപ്പിരിവോ മറ്റ് സംഭാവനകളോ സ്വീകരിക്കാറില്ല. കൂട്ടായ്മയിലെ അംഗങ്ങൾ ചെറിയ തുകകൾ സ്വന്തം നിലയിൽ എടുത്താണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മനസിലാക്കി അംഗങ്ങളുടെ സുഹൃത്തുക്കളും മറ്റും വൃക്ഷത്തൈകൾ വാങ്ങി നൽകാറുണ്ടെന്നും ഭാരവാഹികൾ പറയുന്നു. മാദ്ധ്യമപ്രവർത്തകരായ ബെന്നി നിരപ്പുതൊട്ടിയിൽ പ്രസിഡന്റും, സി.ഡി ബാബു സെക്രട്ടറിയുമായ ക്ലബ്ബ് ഇതിനകം തന്നെ പ്രശംസനീയമായ ഒട്ടേറെ പ്രവർത്തനങ്ങളാണ് നടത്തിവന്നിട്ടുള്ളത്. ഭവനനിർമ്മാണം, വിദ്യാഭ്യാസ സഹായം, ചികിത്സാസഹായം എന്നിങ്ങനെയുള്ള സാമൂഹ്യ, കാരുണ്യ പ്രവർത്തനങ്ങൾക്കും കഴിയുന്ന രീതിയിൽ സഹായം ചെയ്യുന്നുണ്ട്. ഓൺലൈൻ പഠനസൗകര്യമൊരുക്കുന്ന കാര്യത്തിലും ക്ലബ്ബ് മുൻപന്തിയിൽ തന്നെയുണ്ട്.