1

കൽപ്പറ്റ: ഈ മാസം 26ന് നടക്കുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് ജില്ലയിൽ നിന്നും 601 പേർ പരീക്ഷയെഴുതും. ഒപ്പം പ്ലസ് വൺ, പ്ലസ് ടു തലത്തിൽ ഫൈനൽ പരീക്ഷയും നടക്കും. പ്ലസ് ടുവിന് 290 പേരും പ്ലസ് വണ്ണിനു 311 പേരുമാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 157 പുരുഷന്മാരും 444 സ്ത്രീകളുമാണ്.

147 എസ്. ടി, 28 എസ് .സി, 2 ട്രാൻസ്‌ജെൻഡേഴ്‌സ്, 7 ഭിന്നശേഷി പഠിതാക്കളും പരീക്ഷ എഴുതുന്നുണ്ട്. ജില്ലയിൽ നാല് പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. മാനന്തവാടി ഹയർസെക്കൻഡറി സ്‌കൂൾ, സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കൽപ്പറ്റ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ, കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ.

ആശാ വർക്കർമാർ, പ്രീ പ്രൈമറി ടീച്ചർമാർ, അങ്കണവാടി ഹെൽപ്പർമാർ, വർക്കർമാർ, ദമ്പതികൾ, പൊലീസ്, എസ്.ടി പ്രൊമോട്ടർമാർ, ദിവസ വേതന തൊഴിലാളികൾ, കച്ചവടക്കാർ തുടങ്ങിയവരാണ് പരീക്ഷാർത്ഥികൾ. രാവിലെ 10 മണി മുതൽ 12 .45 വരെയാണ് പരീക്ഷാ സമയം

26 ന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയിൽ ആദ്യ ദിനം ഇംഗ്ലീഷാണ്. 27ന് ഹിന്ദി, മലയാളം കന്നട. 28ന് ഹിസ്റ്ററി, അക്കൗണ്ടൻസി. 29ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി. 30ന് പൊളിറ്റിക്കൽ സയൻസ്. 31 ന് ഇക്കണോമിക്‌സ് പരീക്ഷകൾ നടക്കും.


ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയും 26നാണ് ആരംഭിക്കുന്നത്. 10 മണി മുതൽ 12 മണി വരെയാണ് പരീക്ഷ സമയം. 26 ന് മലയാളം,ഹിന്ദി,കന്നട ലാംഗ്വേജ് പരീക്ഷ, 27 ന് ഇംഗ്ലീഷ് . 28ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്. 29 ന് ഹിസ്റ്ററി, അക്കൗണ്ടൻസി. 30 ന് എക്കണോമിക്‌സ്. 31ന് പൊളിറ്റിക്കൽ സയൻസ് എന്നിങ്ങനെയാണ് പരീക്ഷ. ഹയർ സെക്കണ്ടറിയിൽ നിലവിലുള്ള ഗ്രേഡിംഗ് സമ്പ്രദായം തന്നെയാണ്. തുല്യതാപരീക്ഷക്കും ബാധകമായിട്ടുള്ളത്. നിരന്തര മൂല്യനിർണയം, പ്രായോഗിക മൂല്യനിർണയം, ആത്യന്തിക മൂല്യനിർണയം എന്നിവ ഉൾപ്പെട്ടിട്ടുള്ളതാണ് ഗ്രേഡിംഗ് സമ്പ്രദായം. കൊവിഡ് മാനദണ്ഡങൾ പാലിച്ചാണ് പരീക്ഷ നടക്കുക.