പുൽപ്പള്ളി: പുൽപ്പള്ളി പാളക്കൊല്ലിയിൽ കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി കൃഷിനാശമുണ്ടാക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനകൾ നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചു.
ഉദയക്കരയിൽ വനാതിർത്തി കഴിഞ്ഞുള്ള കൃഷിയിടങ്ങിലേക്ക് കാട്ടാനകൾ ഇറങ്ങാതിരിക്കാൻ വനംവകുപ്പ്‌ ഗേറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ്‌ ഗേറ്റ് വാഹനമിടിച്ച് തകർന്നു. ഇതോടെ വനത്തിൽ നിന്ന്‌ നേരിട്ട് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം മുൻ ഗ്രാമപഞ്ചായത്ത് അംഗം ഷെൽജന്റെ ഇഞ്ചിതോട്ടത്തിൽ ഇറങ്ങിയ കാട്ടാന വൻ നാശമാണ് ഉണ്ടാക്കിയത്.

വനാതിർത്തിയിൽ സ്ഥാപിച്ച ട്രഞ്ചുകളുടെ സംരക്ഷണത്തിന് പദ്ധതികൾ ഇല്ലാത്തതും വന്യജീവി ശല്യം വർദ്ധിക്കാൻ കാരണമാണ്. വർഷകാലം തുടങ്ങിയതോടെ വനത്തോട്‌ ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെല്ലാം ആന,പന്നി തുടങ്ങിയ വന്യ‌ജീവികളിറങ്ങി വൻ കൃഷിനാശമാണ് ഉണ്ടാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ആനപ്രതിരോധ കിടങ്ങുകൾ പലയിടത്തും തകർന്ന് കിടക്കുകയാണ്. അറ്റകുറ്റ പണികൾ നടത്താത്തതാണ് ഇവ കൂടുതൽ തകരാൻ കാരണം. ട്രഞ്ചുകൾ ഇടിഞ്ഞ ഭാഗങ്ങൾ തുറസായ നിലയിലാണ് പലയിടത്തും. ഇതു വഴി കാട്ടാനകൾ വരുന്നുമുണ്ട്. ട്രഞ്ചിന് പുറമെ ഫെൻസിംഗും ചിലയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതും ആനകൾ ഇറങ്ങി നശിപ്പിക്കുകയാണ്. ഇക്കാരണത്താൽ അതിർത്തി ഗ്രാമങ്ങളിൽ വന്യജീവി ശല്യം പരിഹരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് വനപാലകർ. പലപ്പോഴായി ഉണ്ടാകുന്ന നഷ്ടം കാരണം വിളവെടുക്കാനാകുമ്പോഴേക്കും കൃഷി ഒന്നുമില്ലാതാകുന്ന സ്ഥിതിയാണിപ്പോൾ കർഷകർ. വന്യജീവികളെ പ്രതിരോധിക്കാൻ കർഷകർ സ്വന്തമായി പലവഴികളും ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.

വന്യജീവി ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നു.