തലപ്പുഴ: തലപ്പുഴ- ഇടിക്കര- പോരൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സി.പി.എം ഇടിക്കര,അമ്പലക്കൊല്ലി സംയുക്ത ബ്രാഞ്ച് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ തലപ്പുഴ-ഇടിക്കര-പോരൂർ റോഡ് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളിൽ ഒന്നാണ്. തലപ്പുഴ കമ്പിപ്പാലം മുതൽ ഉദയഗിരി വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് പ്രളയകാലത്തിന് ശേഷം റോഡിന്റെ അവസ്ഥ കൂടുതൽ മോശമായി. വിദ്യാർത്ഥികളും തൊഴിലാളികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ ദിനംപ്രതി ഉപയോഗിക്കുന്ന റോഡാണിത്.
തലപ്പുഴ കമ്പിപ്പാലം പുതുക്കിപ്പണിത് റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ഉടനടി തീരുമാനം ഉണ്ടാകണം. തലശ്ശേരി കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മാനന്തവാടിയിൽ എത്തുന്നതിന് ഒരു ബദൽ റോഡായി ഉപയോഗിക്കാവുന്ന റോഡാണ് ഇത്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം .എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് നിവേദനം നൽകി. ബ്രാഞ്ച് യോഗത്തിൽ പി.ബി സിനു റിപ്പോർട്ട് അവതരിപ്പിച്ചു. കെ .ജോർജ് അദ്ധ്യക്ഷനായി. കെ.വിപിൻ , പി.ജി ഭാസ്‌ക്കരൻ, പി.ടി മോഹൻ, കെ.ആർ ഷിബു , എം.ആർ പ്രഭാകരൻ , പി.വി കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു.