അമ്പലവയൽ: കൊവിഡ് പ്രതിസന്ധിക്കിടയിൽ സാമ്പത്തികമായി തകർന്ന ബസുടമകളുടെയും ജീവനക്കാരുടെയും ദുരിതങ്ങളുടെ അവസാനത്തെ കണ്ണിയായി മാറി രാജാമണി എന്ന ബസുടമ. സാമ്പത്തിക പ്രതിസന്ധികാരണം ജീവിതം വഴിമുട്ടിയപ്പോൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ബ്രഹ്മപുത്ര ബസിന്റെ ഉടമയായ അമ്പലവയൽ പെരുമ്പാടികുന്നിലെ പാലഞ്ചേരി വീട്ടിൽ രാജാമണി എന്ന അൻപത്തിയെട്ടുകാരൻ.
കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധിയും കൊവിഡ് നിയന്ത്രണങ്ങളുടെപേരിൽ ബസുകൾ നിരത്തിലിറക്കാൻ കഴിയാത്തതിനെതുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും കാരണം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയില്ലെന്ന് പറഞ്ഞാണ് ബസുടമ ജീവിതം അവസാനിപ്പിച്ചത്. കൊവിഡിന്റെ ഒന്നാം ഘട്ടത്തിൽ നിയന്ത്രണങ്ങളോടെ കുറച്ച് കാലം മാത്രമാണ് പൊതുഗതാഗതം അനുവദിച്ചത്. അതിനിടെ രണ്ടാം തരംഗം ശക്തിയാർജിച്ചു. നിയന്ത്രണങ്ങളോടെ പൊതുഗതാഗതത്തിന് ഇപ്പോൾ അനുവാദം ലഭിച്ചങ്കിലും ടി.പി.ആർ കാറ്റഗറി അനുസരിച്ചാണ് പൊതുഗതാഗതത്തിന് അനുവാദമുള്ളത്.
ടി.പി.ആർ അനുസരിച്ച് ഡി കാറ്റഗറിയിൽ പൊതുഗതാഗതത്തിന് അനുവാദമില്ല. ഇത്തരത്തിൽ സർവീസ് നടത്താൻ അനുവാദം ലഭിക്കാത്ത ബസുടമകളിൽപ്പെട്ട ആളായിരുന്നു രാജാമണി.നേരത്തെ നിയന്ത്രണങ്ങളോടെ ഇളവ് ലഭിച്ചപ്പോൾ അനിശ്ചിതകാലമായി നിർത്തിയിട്ടിരുന്ന ബസിന്റെ റിപ്പയറിംഗ് നടത്താൻ പലരിൽ നിന്ന് കടം വാങ്ങിയാണ് ബസ് വീണ്ടും നിരത്തിലിറക്കിയത്. ബസ് ഓടി തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോഴെക്കും ബസ് കടന്നുപോകുന്ന അമ്പലവയൽ പഞ്ചായത്ത് ട്രിപ്പിൾ ലോക്ഡൗണിലായി. ഇതോടെ പൊതുഗതാഗതം നടത്താൻ അനുവാദമില്ലാതായി. അങ്ങിനെ ബസ് സർവീസും നിലച്ചു. അതോടെ ബസിന്റെ ടാക്‌സും ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെ ഒന്നും കൊടുക്കാൻ കഴിയാതെയായി. തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മാനസിക സംഘർഷത്തിലുമായി രാജാമണി.
നേരത്തെ ശ്രീലക്ഷ്മി ബസ് കമ്പനികളുടെ ഉടമകളിലൊരാളായിരുന്നു . പിന്നീട് പാർട്ണർഷിപ്പ് പിരിഞ്ഞശേഷമാണ് ബ്രഹ്മപുത്ര ബസ് വാങ്ങിയത്. അടിക്കടിയുണ്ടായ ഇന്ധന വിലവർദ്ധനവും ടാക്‌സ് വർദ്ധനയുമെല്ലാം ബസ് വ്യവസായം നഷ്ടത്തിലേക്ക് നീങ്ങി. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി കുറച്ച് സഥലം വിൽക്കുകയും ചെയ്തു. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാൻ നിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോൾ ബസ് നിരത്തിലിറക്കി പരിഹരിക്കാമെന്ന ചിന്തയിലായിരുന്നു. അതിനിടെയാണ് അമ്പലവയൽ ട്രിപ്പിൾ ലോക്ഡൗണിലായത്. ബസ് സർവീസ് നടത്താൻ കഴിയാതെ വന്നതോടെ സകല പ്രതീക്ഷകളും തകർന്നു. ബസുടമ അസോസിയേഷന്റെ ബത്തേരി യൂണിറ്റ് സെക്രട്ടറി ബിനുരാജിനോട് അവസാനമായി ഫോണിൽ പറഞ്ഞത്. ഇനി എനിക്ക് ഒന്നും ചെയ്യാനില്ല. എന്റെ വണ്ടി ഓടാനും പറ്റുന്നില്ല. അതുകൊണ്ട് ഞാൻപോകുകയാണ് എന്നാണ്. രാജാമണിയുടെ ഈ വാക്കുകൾ ജീവിതത്തിൽ നിന്നുള്ള ഒരു ഒഴിഞ്ഞുപോക്കാണെന്ന് ആരും കരുതിയില്ല.

#
അസോസിയേഷന്റെ പേരിൽ എനിക്ക് ഒരു റീത്ത് വെക്കണം
സുൽത്താൻ ബത്തേരി: ഞാൻ ഇത്രയും കാലം പ്രതിനിധാനം ചെയ്ത സംഘടനയുടെ പേരിൽ എനിക്ക് ഒരു റീത്ത് നിങ്ങൾ വെക്കണം. വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ബസുടമ രാജാമണി വിഷം കഴിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ്. ബസ് ഓണേഴ്‌സ് അസോസിയേഷന്റെ സുൽത്താൻ ബത്തേരി യൂണിറ്റ് സെക്രട്ടറി ബിനുരാജിനെ ഫോണിൽ വിളിച്ചുപറഞ്ഞതാണ്. ഇനി എനിക്ക് താങ്ങാൻ പറ്റുകയില്ല. എന്റെ ബസ് നിരത്തിലിറക്കാനും പറ്റുന്നില്ല. ഞാൻപോവുകയാണ്. ഈ മേഖയിൽ എവിടെയെങ്കിലും കൊവിഡ് വന്നാൽ അവിടെയെല്ലാം അടക്കുകയാണ് . ഇത് ഇനി ആർക്കും പരിഹരിക്കാൻ കഴിയുകയില്ല. രാജാമണിയുടെ ആഗ്രഹംപോലെ ബസുടമ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെയും യൂണിറ്റ് കമ്മറ്റിയുടെയും പേരിൽ റീത്ത് വച്ചു.