കൽപ്പറ്റ: 2019ലെ ഉരുൾപൊട്ടലിൽ സകലതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി ആവിഷ്‌കരിച്ച ഹർഷം പദ്ധതി മൂന്നു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു. ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ നീണ്ടുപോകുന്ന പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിന് വേണ്ടി എം.എൽ.എ താത്പര്യമെടുത്ത് വിളിച്ചുചേർത്ത സ്‌പോൺസർമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജനകീയ കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തിൽ വെച്ചാണ് തീരുമാനമായത്. പൂർത്തീകരിക്കാനുള്ള വീടുകളുടെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് സ്‌പോൺസർമാർ യോഗത്തിൽ ഉറപ്പു നൽകി. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഉറപ്പുനൽകി. ഇതുവരെ നടത്തിയ പ്രവർത്തന റിപ്പോർട്ട് പദ്ധതിയുടെ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർ അബ്ദു റസാഖ് അവതരിപ്പിച്ചു. യോഗത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അദ്ധ്യക്ഷത വഹിച്ചു. ടി സിദ്ദിഖ് എം.എൽ.എ ചർച്ചകൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റംലഹംസ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാജു ഹെജമാടി, അബ്ദുൽ അസീസ്, സുനീറ മുഹമ്മദ് റാഫി, ജനകീയ കമ്മിറ്റി ഭാരവാഹികളായ ടി.ഹംസ ബി.സുരേഷ് ബാബു, വീടുകളുടെ സ്‌പോൺസർമാരായ മലബാർ ഗോൾഡ്, പീപ്പിൾ ഫൗണ്ടേഷൻ, എസ്.വൈ.എസ്, തണൽ, എച്ച്.ആർ.പി .എം പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.