മാനന്തവാടി: റോഡുണ്ടെങ്കിലും കാൽനടയാത്ര പോലും ദുഷ്‌കരമായി 100 ഓളം കുടുംബങ്ങൾ. മാനന്തവാടി പെരുവക പാത്തിവയൽ പടച്ചിക്കുന്ന് റോഡിനോടാണ് വർഷങ്ങളായി അധികൃതരുടെ അവഗണന. നഗരത്തിൽ നിന്നും വിളിപ്പാടകലെയുള്ള പ്രദേശത്ത് കൂടി 20 വർഷം മുമ്പ് മണ്ണ് റോഡ് നിർമ്മിച്ചുവെന്നല്ലാതെ പിന്നീട് യാതൊരു വിധ പ്രവൃത്തികളും നടന്നിട്ടില്ല. മഴക്കാലമായതോടെ കുഴികളിൽ ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. നടന്നുപോകുന്നവർ ചെളിയിൽ വഴുതി വീഴുന്നു. റോഡരികിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ വിനിയോഗിച്ച തുക ഉണ്ടായിരുന്നെങ്കിൽ ഇവിടെ ക്വാറി വേസ്റ്റെങ്കിലും ഇടാമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികൾക്ക് മാനന്തവാടി നഗരത്തിലേക്കെത്താൻ ഏക ആശ്രയമായ റോഡാണിത്.
ഇവിടെ പ്രായമായവരെയും രോഗികളെയും പൊതുനിരത്തിലെക്കെത്തിക്കാൻ യാതൊരു നിർവാഹവുമില്ല. ആശുപത്രിയിൽ പോകേണ്ട തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടാവരുതെ എന്നാണ് ഇവരുടെ പ്രാർത്ഥന. കൃഷി ഉപജീവനമായുള്ള ഇവിടുത്തെ ജനങ്ങൾക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കാനും ആവുന്നില്ല. ഇരുചക്ര വാഹനമുള്ളവർ റോഡ് ആരംഭിക്കുന്നിടത്ത് വാഹനങ്ങൾ നിർത്തി നടന്ന് പോവുകയാണ് ചെയ്യുന്നത്.
റോഡിന്റെ 300 മീറ്റർ വരെ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. കുറഞ്ഞ ഭാഗം കൂടി നവീകരണ പ്രവൃത്തികൾ നടത്തിയാൽ ഒരു പ്രദേശത്തിന്റെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകും. എം.എൽ.എ അടക്കമുള്ളവർക്ക് നിവേദനം നൽകുകയും ഗ്രാമസഭകളിൽ നിരവധി തവണ പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തെങ്കിലും മാറി മാറി വരുന്ന ജനപ്രതിനിധികൾ നഗരത്തിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള റോഡിനെ പാടെ അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ബൈപ്പാസായും യോജിപ്പിക്കാൻ കഴിയുന്ന റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കോറോണ വന്ന് എല്ലാവരും മരിക്കുമ്പോഴാണ് നിങ്ങളുടെ റോഡ് എന്നായിരുന്നു ജനപ്രതിനിധിയുടെ മറുപടി. റോഡരികിലെ കാടുകൾ വെട്ടിമാറ്റുന്നതിനോ ഓവുചാലുകൾ ശുചീകരിക്കുന്നതിനോ പോലും അധികൃതർ തയ്യാറാകാത്തതിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.