radakrishnan

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ പഴേരി ഡിവിഷനിലേക്ക് നടക്കുന്ന ഇടക്കാല ഉപ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച എസ്.രാധാകൃഷ്ണൻ വീണ്ടും മത്സരിക്കും. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി എം.കെ മനോജാണ് രാധാകൃഷ്ണനെ നേരിടുന്നത്. പൊതു തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ച യു.ഡി.എഫ് കൗൺസിലറായിരുന്ന എം.എസ് വിശ്വനാഥൻ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് 11-നാണ്‌ വോട്ടെടുപ്പ്. ഫലപ്രഖ്യാപനം 12-ന് നടക്കും.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ പഴേരി ഡിവിഷനിൽ നിന്ന് യു.ഡി.എഫ് പാനലിൽ നിന്ന് മത്സരിച്ച എം.എസ് വിശ്വനാഥൻ 96 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എതിർസ്ഥാനാർത്ഥിയായ ഇടതുപക്ഷത്തെ എസ്.രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. കെ.പി.സി.സി സെക്രട്ടറി കൂടിയായിരുന്ന വിശ്വനാഥൻ പാർട്ടിയിൽ നിന്ന് രാജിവെച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ബത്തേരി നിയോജക മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. പഴേരി യു.ഡി.എഫിന്‌ മേൽകൈയുള്ള ഡിവിഷനാണ്. ഇതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫാണ് ഇവിടെ വിജയിച്ചത്. ഇടതുമുന്നണിക്ക് നഗരസഭയിലുണ്ടായ തുടർഭരണം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നാണ് എൽ.ഡി.എഫിന്റെ കണക്ക് കൂട്ടൽ. എന്നാൽ തുടർച്ചയായി യു.ഡി.എഫിനെ പിന്തുണച്ചുവന്ന ഡിവിഷൻ കൈവിടുകയില്ലെന്നാണ് യു.ഡി.എഫിന്റെയും കണക്ക് കൂട്ടൽ. ഇരുമുന്നണികളും പ്രചാരണം തുടങ്ങികഴിഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി ഈ മാസം 23-നാണ്.