മാനന്തവാടി: കാൽവഴുതി പുഴയിൽ വീണ വീട്ടമ്മക്ക് ഫയർ ആൻഡ് റെസ്‌ക്യൂ സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി. മാനന്തവാടി കമ്മന എടത്തിൽ വീട്ടിൽ അന്നമ്മ പൗലോസാ (69)ണ് കഴിഞ്ഞ ദിവസം രാവിലെ മാനന്തവാടി ഫയർസ്‌റ്റേഷനു പുറകിലെ പുഴയിൽ കാൽവഴുതി വീണത്. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ഈ സമയം മാനന്തവാടി ഫയർ സ്‌റ്റേഷനിലെ ഫയർമാൻമാരായ ടി.ബിനീഷ് ബേബിയും വി. മിഥുനും സ്‌റ്റേഷനു പുറകിൽ പല്ലുതേച്ചുകൊണ്ടു നിൽക്കുകയായിരുന്നു. ചെക്ക്ഡാമിന് തൊട്ടുതാഴെ നല്ല ഒഴുക്കുള്ള ഭാഗത്താണ് അന്നമ്മ വീണത്. അന്നമ്മ വെള്ളത്തിൽ വീഴുന്നതു കണ്ട ഉടൻ രണ്ടു സേനാംഗങ്ങളും കുത്തൊഴുക്കിനെ അവഗണിച്ച് പുഴയിലേക്ക് എടുത്തുചാടി കരയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മറ്റ് സേനാംഗങ്ങൾ ജീപ്പുമായി പാലം കടന്ന് മറുകരയിലെത്തി അന്നമ്മയെ മാനന്തവാടിയിലെ ആശുപത്രിയിലെത്തിച്ചു. അരമണിക്കൂർ നിരീക്ഷണത്തിനു ശേഷം അന്നമ്മയെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു.
മഴക്കാലമായതിനാൽ പുഴയിൽ നല്ല വെള്ളമുണ്ടായിരുന്നു. അല്പം വൈകീയാൽ വീട്ടമ്മയുടെ ജീവൻ അപകടത്തിലാകുമെന്ന് കണ്ട് ധരിച്ചിരുന്ന വസ്ത്രങ്ങളുമായാണ് ഫയർമാൻമാർ പുഴയിൽചാടി രക്ഷാ പ്രവർത്തനം നടത്തിയത്. മാനന്തവാടി ഫയർ സ്‌റ്റേഷൻ ഇൻചാർജ് അസി. സ്‌റ്റേഷൻ ഓഫീസർ പി.സി. ജയിംസ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഒ.ജി. പ്രഭാകരൻ, ഫയർമാൻമാരായ ഇ.കെ. ആഷിഫ്, എം.ഡി. രമേഷ്, വിശാൽ അഗസ്റ്റിയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്നമ്മയെ ആശുപത്രിയിൽ എത്തിച്ചത്.