തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ ഗവ. ഹൈസ്‌കൂളിൽ നിന്നും ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എട്ട് എ പ്ലസ് നേടിയ മായ എന്ന വിദ്യാർത്ഥിനിയുടെ വിജയത്തിന് തിളക്കമേറെയാണ്. തൃക്കൈപ്പറ്റ ഗ്രാമത്തിലെ വൈദ്യുതി ഇല്ലാത്ത, എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ടുള്ള മലയുടെ മുകളിലുള്ള കാരാളം കോട്ടയിലെ പണിയ വിഭാഗത്തിൽപെട്ട ഗോപി- തങ്കമണി ദമ്പതികളുടെ മകളാണ് മായ. കൃത്യമായ ലക്ഷ്യബോധവും, കഠിനാധ്വാനവുമാണ് എല്ലാ സാഹചര്യങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് മായയെ ഉന്നത വിജയത്തിലേക്ക് എത്തിച്ചത്. ഓൺലൈൻ പഠനത്തിനായി ഫോൺ നൽകി സഹായിച്ചത് റോഷ് ഫൗണ്ടേഷനാണ്. അതിന് പുറമെ അദ്ധ്യാപകർ നിരന്തര പിന്തുണയും നൽകി.
രാത്രികാലങ്ങളിൽ ഉള്ള ഓൺലൈൻ ക്ലാസ് കേൾക്കാൻ ഫോൺ റേഞ്ച് ലഭിക്കുന്ന സ്ഥലം നോക്കി വീടിനു പുറത്ത് മണ്ണണ്ണ വിളക്കും തെളിച്ച് കൂട്ടിരിക്കാൻ മാതാപിതാക്കളും ഉണ്ടായിരുന്നു. ക്യാമ്പ് കാലയളവിൽ താമസിച്ചു പഠിക്കുവാൻ സൗകര്യമൊരുക്കിയത് പഴശ്ശി ഹോസ്റ്റൽ അധികൃതരാണ്. എല്ലാവരോടും തന്റെ സ്‌നേഹവും നന്ദിയും വാക്കുകൾക്കതീതമാണെന്നു മായ പറയുന്നു.
വൈദ്യുതി പോലും കടന്ന് ചെല്ലാത്ത കോളനിയാണ് മേപ്പാടി പഞ്ചായത്തിലെ കാരാളംകോട്ട. വനത്തിലൂടെ മൂന്ന് കിലോ മീറ്റർ നടന്നാലെ പുറംലോകത്തെത്താൻ കഴിയൂ. കൊവിഡ് കാരണം സ്കൂൾ അടച്ചതോടെ മായയുടെ പഠനം വഴിമുട്ടിയെന്നാണ് കരുതിയത്. എന്നാൽ കഠിനമായ അദ്ധ്വാനവും ആത്മവിശ്വാസവും മായയ്ക്ക് വിജയമെത്തിച്ചു.
മായയുടെ വിജയം അറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കോളനിയിലെത്തി ട്രൈബൽ വകുപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോണുകൾ ചാർജ്ജ് ചെയ്യാനുളള സോളാർ പാനൽ നൽകി. കോളനിയുടെ സമ്പൂർണ്ണ സോളാർ വത്ക്കരണത്തിനായി ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.