പുൽപ്പള്ളി: കബനി തീരത്തോട് ചേർന്ന് ആദിവാസി കുടുംബങ്ങൾ വർഷങ്ങളായി കൃഷിയിറക്കിയ വയലിൽ ഇത്തവണ നെൽകൃഷി ചെയ്യാൻ വനംവകുപ്പിന്റെ വിലക്ക്. വനഭൂമിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കൃഷിയിറക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
കൊളവള്ളിയിൽ കബനി തീരത്തോട് ചേർന്ന് വിശാലമായ പാടശേഖരമുണ്ട്. ഇതിൽ കുറേ ഭാഗത്താണ് കൃഷിയിറക്കുന്നതിൽ തടസവുമായി വനംവകുപ്പ് എത്തിയിരിക്കുന്നത്. ഇവിടെ വനംവകുപ്പ് അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൃഷിപണികൾ നടത്തിക്കൊണ്ടിരുന്ന കർഷകരെ കൃഷിയിടത്തിൽ നിന്നും കയറ്റിവിടുകയുംചെയ്തു. കൊളവള്ളി കോളനിയിലെ ആദിവാസി കുടുംബങ്ങളാണ് ഇവിടെ കൃഷിയിറക്കിക്കൊണ്ടിരുന്നത്. ഏറെ വർഷങ്ങളായി ഇത് തുടരുന്നു. വനാവകാശ നിയമപ്രകാരം തങ്ങൾക്ക് ഇവിടെ കൃഷിയിറക്കാൻ അവകാശമുണ്ടെന്ന വാദത്തിലാണ് കർഷകർ. വരും ദിവസങ്ങളിൽ കൃഷിപണികളുമായി മുന്നോട്ടുപോകുമെന്നും ഇവർ പറയുന്നു. അതേസമയം പ്രശ്‌നത്തിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഇടപെട്ടിട്ടുണ്ട്. കൃഷിക്ക് തടസം നിന്നാൽ താനടക്കം കൃഷിപണികളുമായി മുന്നോട്ടുവരുമെന്ന് അദ്ദേഹം ഉന്നത വനപാലകരെ അറിയിച്ചു.