മാനന്തവാടി: കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലു വില കൽപ്പിച്ച് ഇൻഡോർ ഫുട്‌ബോൾ കോർട്ട് പ്രവർത്തനം. മാനന്തവാടിയിലെ വള്ളിയൂർക്കാവ് റോഡിലുള്ള ടർഫ് ഫുട്‌ബോൾ കോർട്ടിലാണ് നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള കളിനടക്കുന്നത്. ടി.പി.ആർ നിരക്ക് 10 ശതമാനത്തിൽ നിന്ന് വർദ്ധിക്കുന്നതോടെ സി കാറ്റഗറിയിൽപ്പെടുന്ന പ്രദേശങ്ങളിൽ ഇൻഡോർ ടർഫ് കായികപരിശീലനങ്ങൾ പാടില്ലെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. എന്നാൽ സി കാറ്റഗറിയിൽപെട്ട മാനന്തവാടി മുൻസിപ്പാലിറ്റിയിൽ വള്ളിയൂർക്കാവ് റോഡിൽ പ്രവർത്തിക്കുന്ന ഇൻഡോർ ടർഫ് കോർട്ടിൽ കഴിഞ്ഞ ദിവസവും മുടക്കമില്ലാതെ തന്നെ ഫുട്‌ബോൾ കളികൾ നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടെ കളിക്കാനായി എത്തിയത്. അർദ്ധരാത്രി വരെ കളി തുടരുകയും ചെയ്തു. പകൽസമയത്ത് സർവീസ് നടത്തുകയായിരുന്ന ബസ് സർവീസ് തടഞ്ഞ് യാത്രക്കാരെ പെരുവഴിയിലിറക്കിയ പൊലീസ് രാത്രികാലത്തെ നിയമവിരുദ്ധ ടർഫ് പ്രവർത്തനം തടസപ്പെടുത്താൻ എത്തിയതുമില്ല. മുൻസിപ്പാലിറ്റി ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് ഇതിന് മുമ്പ് സ്ഥാപനം പിഴയടച്ചിരുന്നു.