വാളാട്: തിങ്കളാഴ്ച ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കേശവേട്ടനെ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല ടീച്ചർ വിളിച്ചു സംസാരിച്ചപ്പോൾ ടീച്ചറെ കാണണമെന്ന ആഗ്രഹം കേശവേട്ടൻ പ്രകടിപ്പിച്ചു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് മാനന്തവാടി വാളാട് കോളിച്ചാലിലെ ചെറിയ കുന്നിൻ മുകളിലെ വീട്ടിൽ ടീച്ചറെത്തിയപ്പോൾ സമയം 7.30. കോരിച്ചൊരിയുന്ന മഴ. വീട്ടിലേക്കുള്ള വഴിയിൽ കേശവേട്ടനും ഭാര്യ സുകുമാരി ചേച്ചിയും കാത്തു നിൽപ്പുണ്ടായിരുന്നു. അവർ മാത്രമാണ് ആ വീട്ടിലുള്ളത്.
കേശവേട്ടനെ അടുത്തിരുത്തിയ ശേഷം കുശലം പറഞ്ഞ് തുടങ്ങിയ ടീച്ചർ അദ്ദേഹത്തിന്റെ നോട്ട്ബുക്കും ടെക്സ്റ്റ് ബുക്കും ആവശ്യപ്പെട്ടു. വടിവൊത്ത അക്ഷരങ്ങൾ. വാചകങ്ങളും ഖണ്ഡികകളും വൃത്തിയായി എഴുതിയിരിക്കുന്നു.
കഴിഞ്ഞ ദിവസം വയനാട് ഒരു പ്രാദേശിക ചാനലിൽ വന്ന വാർത്തയിലൂടെയാണ് കേശവേട്ടൻ എന്ന പഠിതാവിനെ ടീച്ചർ അറിഞ്ഞത്. കാൻസർ രോഗിയാണ്, 65 വയസ്, പഠിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്ററിൽ നിന്ന് കേശവേട്ടന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. ''ജീവൻ പോകുന്നത് വരെ പഠിക്കും, അറിവ് മറ്റുള്ളവർക്ക് പകർന്ന് നൽകും""ഊർജ്ജമുള്ള വാക്കുകൾ. ആ ഉറച്ച വാക്കുകൾ തരുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ചെറുതല്ല. സംസ്ഥാന സാക്ഷരതാ മിഷന്റെ സംസ്ഥാന കലോത്സവ വിജയി കൂടെയാണ് കേശവേട്ടൻ.
കേശവേട്ടന്റെ പരിശോധനാ റിപ്പോർട്ടുകൾ വാട്‌സാപ്പിലൂടെ സംഘടിപ്പിച്ച ടീച്ചർ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. നോബിൾ ഗ്രേഷ്യസിന് അയച്ചു കൊടുത്ത് രോഗത്തെ കുറിച്ച് വിശദമായി മനസിലാക്കി. അതിന് ശേഷമാണ് പരീക്ഷയ്ക്ക് മുൻപ് തന്നെ കേശവേട്ടനെ കാണണമെന്ന് ടീച്ചർക്ക് തോന്നിയത്. തിങ്കാളാഴ്ച്ചയാണ് പരീക്ഷ.
യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങുമ്പോൾ മെഡിക്കൽ റിപ്പോർട്ടുകൾ കൂടി കേശവേട്ടൻ ടീച്ചറെ എടുത്തു കാണിച്ചു. 'എന്തെങ്കിലും ചികിത്സ ഉണ്ടോ?' ടീച്ചർ ആത്മവിശ്വാസത്തോടെ പറഞ്ഞു ' ഇപ്പോൾ കയ്യിലുള്ള മരുന്നുകൾ കഴിച്ചാൽ മതി' ആശ്വസിപ്പിച്ചും ആശംസകൾ നേർന്നും പടിയിറങ്ങുമ്പോൾ സമയം ഏറെ വൈകിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കാരണം ഒന്ന് കൂട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തോടെ. 'കേശവേട്ടൻ പ്രതീക്ഷകളോടെ പരീക്ഷ എഴുതട്ടെ ' എന്ന് ആശ്വസിച്ച് സംഘം മടങ്ങി.
ടീച്ചറുടെ സംഘത്തിനൊപ്പം സംസ്ഥാന സാക്ഷരതാമിഷൻ പ്രൊജക്ട് സെൽ കോ ഓർഡിനേറ്റർ ഇ.വി അനിൽ, സാക്ഷരതാ മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ സ്വയ നാസർ, പ്രേരക് ജസി തോമസ് എന്നിവർ ഉണ്ടായിരുന്നു.