ribon

കൽപ്പറ്റ: ആരോഗ്യ മേഖലയിൽ മാതൃകപരമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോം ഡെലിവറി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആദിവാസി ഗർഭിണികളുടെ പരിചരണത്തിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ആന്റിനാറ്റൽ ട്രൈബൽ ഹോം (ഗർഭകാല ഗോത്ര മന്ദിരങ്ങൾ). പ്രസവത്തോടനുബന്ധിച്ച ദിവസങ്ങളിൽ കുടുംബസമേതം താമസിച്ച് ചികിത്സ ഉറപ്പാക്കാൻ ഇതുവഴി കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലായി രണ്ട് വീതം കേന്ദ്രങ്ങളും അപ്പപ്പാറ, വാഴവറ്റ, നൂൽപ്പുഴ എന്നിവിടങ്ങളിലായി ഓരോ ഗർഭകാല ഗോത്ര മന്ദിരങ്ങളുമാണ് നിർമ്മിച്ചത്. 6,14,000 രൂപ വീതമാണ് ഓരോ യൂണിറ്റിനും ചെലവായത്. ഹാബിറ്റാറ്റ് ആണ് കേന്ദ്രങ്ങളുടെ നിർമ്മാണ ഏജൻസി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.

നവകേരള മിഷന്റെ ഭാഗമായിട്ടുള്ള ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യരംഗത്ത് സമഗ്രമായ പുരോഗതി കൊണ്ടുവരാൻ സാധിച്ചു. അതിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയെന്നത്. ഇതിൽ ഭൂരിഭാഗവും പൂർത്തികരിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നവീകരിച്ച ജില്ലാ ടി. ബി സെന്റർ, 5 ഗർഭകാല ഗോത്ര മന്ദിരങ്ങൾ, ഉദ്ഘാടനമാണ് പൂർത്തിയായത്. ജില്ലാ ടി.ബി സെന്റർ നവീകരണം എൻ.എച്ച്.എമ്മിന്റെ 20 ലക്ഷം രൂപ ചെലവിൽ എച്ച്.എൽ.എൽ ആണ് പ്രവൃത്തി പൂർത്തിയാക്കിയത്.

ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അനീഷ്. ബി. നായർ, ലത ശശി, എടക്കൽ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബീന വിജയൻ, ഗ്ലാഡിസ് സ്‌കറിയ, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സേതുലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക ചടങ്ങിൽ എൻ.എച്ച്.എം ഡി.പി.എം ഡോ. ബി. അഭിലാഷ് നേതൃത്വം നൽകി. ടി.ബി. സെന്റർ മെഡിക്കൽ ഓഫീസർ അബ്രഹാം ജേക്കബ്, ജില്ലാ മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് നൂന മർജ്ജ, ആർ.എം.ഒ ഡോ. സി. സക്കീർ, ടി. ബി സെന്റർ എച്ച്. ഐ. വി കോർഡിനേറ്റർ വി. ജെ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണൻ, ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആർ. രേണുക, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. കെ. ജയഭാരതി, അപ്പപ്പാറ പി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ലിസാജ് തുടങ്ങിയവർ പങ്കെടുത്തു.