കൽപ്പറ്റ: വയനാട് ജില്ലയിൽ കൊവിഡ് കേസുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ജില്ലയുടെ ചുമതലയുള്ള ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ അവലോകന യോഗം തീരുമാനിച്ചു. രോഗവ്യാപനം കുറക്കുന്നതിനായി സമ്പർക്ക പട്ടികകൾ തയ്യാറാക്കുന്ന പ്രക്രിയ ഊർജിതമാക്കാനും ഇതിനായി വാർഡ് തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകി. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും എൻഫോഴ്സ്‌മെന്റ് നടപടികൾ ഫലപ്രദമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നാം തരംഗ സാദ്ധ്യത മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ നടത്തണം. ഇതിനായി ആശുപത്രി സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ പൂർണ സജ്ജമാക്കുകയും ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുകയും വേണം. മൂന്നാം തരംഗത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ജില്ലയിലെ ശിശുരോഗ വിദഗ്ധരുടെ പാനൽ തയ്യാറാക്കുകയും അവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർക്കുകയും ചെയ്യണമെന്ന് മന്ത്രി നിർദ്ദേശിച്ചു. വാക്‌സിനേഷൻ സമ്പൂർണമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം.
കൊവിഡ് പ്രതിരോധ രംഗത്ത് ജില്ലാ ഭരണകൂടവും ജില്ലാ കളക്ടറും ആരോഗ്യ വകുപ്പും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിക്കുന്ന നടപടികളിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ടൂറിസം രംഗത്ത് വയനാട്ടിലേക്ക് ആഗോള ശ്രദ്ധ പതിഞ്ഞുവരുന്ന സാഹചര്യത്തിൽ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കാത്ത നിലയിൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി റിയാസ് നിർദ്ദേശം നൽകി.
വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായ് കളക്ടർ പറഞ്ഞു. ജില്ലയിൽ 45 വയസിനു മുകളിലുള്ളവരുടെ പൊതുവിഭാഗത്തിൽ 100 ശതമാനം പേരും ആദിവാസി വിഭാഗത്തിൽ 92 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 18 നും 44 നും ഇടയിലുള്ളവരുടെ വിഭാഗത്തിൽ ഇത് യഥാക്രമം 26 ശതമാനവും 38 ശതമാനവുമാണ്. ജില്ലയിലെ 18 വയസിനു മുകളിലുള്ളവരുടെ ആകെ ജനസംഖ്യയിൽ 62 ശതമാനം പേരാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതെന്നും യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ വികസന കമ്മീഷണർ ജി. പ്രിയങ്ക, ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ, എ.ഡി.എം എൻ.ഐ ഷാജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക, സർവെലൻസ് ഓഫീസർ ഡോ. സൗമ്യ, ഡി.പി.എം ഡോ. അഭിലാഷ്, ആർ.സി.എച്ച്. ഓഫീസർ ഡോ. ഷാജിൻ ജോൺ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി. ജയരാജ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ചെറിയാൻ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.