കൽപ്പറ്റ: കൊവിഡ് കാലത്ത് തുടങ്ങിയ ഡിജിറ്റൽ പഠനരീതി കൂടുതൽ ഫലപ്രദമായി ഓൺലൈൻ ഇന്ററാക്ടീവ് രീതിയിലേക്ക് മാറുമ്പോൾ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കാൻ നാടൊന്നിച്ച് മുന്നോട്ടു വരണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭ്യർത്ഥിച്ചു. വയനാട് ജില്ലയിലെ ഓൺലൈൻ പഠന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ഓൺലൈനിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പഴയ വിദ്യാഭ്യാസ രീതിയിലേക്ക് ഇനി പെട്ടെന്ന് തിരിച്ചു പോക്കുണ്ടാവില്ലെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം. കൊവിഡ് വെല്ലുവിളി അവസാനിച്ചാലും ഡിജിറ്റൽ പഠന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്ന രീതി നിലനിൽക്കും. ഈ സാഹചര്യത്തിൽ നൂറു ശതമാനം കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കിയേ തീരു. എന്നാൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ സർക്കാരിന് മാത്രമാവില്ല. കക്ഷി ഭേദമന്യേ നിയമസഭയിൽ സമവായമുണ്ടായ ഈ വെല്ലുവിളി ഏറ്റെടുക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ വികസന കമ്മീഷണർ ജി. പ്രിയങ്ക, ജില്ലയിലെ നഗരസഭാ അദ്ധ്യക്ഷർ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, എ.ഡി.എം എൻ.ഐ ഷാജു, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി ലീല, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


: