സുൽത്താൻ ബത്തേരി: വയനാട്ടിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം നൽകി കോഴ വാങ്ങിയതിൽ പ്രാദേശിക നേതാക്കൾക്കും പങ്കുളളതായി ആരോപണം. വൻ തുക കൈപ്പറ്റിയതായാണ് അറിയുന്നത്. കോഴ വാങ്ങിയ പ്രാദേശിക നേതാക്കളിലൊരാൾ കർണാടകത്തിൽ വൻതോതിൽ ഇഞ്ചികൃഷി നടത്തുകയും മറ്റൊരാൾ വീട് വെക്കുകയും കാറ് വാങ്ങുകയും ചെയ്തതായും ആരോപിക്കുന്നു.
സുൽത്താൻ ബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ പ്യുൺ, വാച്ച്മാൻ തസ്തികകളിൽ കോടികൾ കോഴ വാങ്ങി നിയമനം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് കോൺഗ്രസ് ഭരിക്കുന്ന മറ്റ് സഹകരണ ബാങ്കുകളിലേക്കും ആരോപണം നീണ്ടത്. പൂതാടി, പാടിച്ചിറ, പുൽപ്പള്ളി, മുള്ളൻകാല്ലി ബാങ്കുകളിലും കോഴ നിയമനം നടന്നതായി പറയുന്നു.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന നിയമനങ്ങൾ വിവാദമാക്കിയത് കോൺഗ്രസിലെ തന്നെ ഒരു വിഭാഗമാണ്.
ജില്ലാ നേതാക്കളും ജില്ലയിൽ നിന്നുള്ള ചില കെ.പി.സി.സി നേതാക്കളും കോഴ ആരോപണത്തിൽപ്പെട്ടപ്പോൾ ചില പ്രാദേശിക നേതാക്കൾ ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും ഇതുവരെ നിയമനം ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കോഴ ആരോപണം ഉയർന്നതോടെ കോൺഗ്രസുകാർ ചേരി തിരിഞ്ഞ് വിഴുപ്പലക്കലും തുടങ്ങി. പല കോഴക്കേസുകളും പീഡനകേസുകളും അങ്ങാടിയിൽ ഇപ്പോൾ പാട്ടാണ്.