സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി അർബ്ബൻ ബാങ്കിൽ ഉദ്യോഗാർത്ഥികളുടെ നിയമനവുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റും ബത്തേരി എം.എൽ.എയുമായ ഐ.സി.ബാലകൃഷ്ണൻ രണ്ട്‌ കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം പുറത്ത് വന്ന സാഹചര്യത്തിൽ എം.എൽ.എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടുവാൻ തയ്യാറാവണമെന്ന് സി.പി.എം ബത്തേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നാളെ കാലത്ത് 11 മണിക്ക് എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്താനും വൈകുന്നേരം നാല് മണിക്ക് മുഴുവൻ ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും ബഹുജന ധർണ നടത്താനും തീരുമാനിച്ചു.
ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന കോഴക്കെതിരെ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് കെ.പി.സി.സിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. പണം കൊടുത്തവരെ സംബന്ധിച്ചും വാങ്ങികൊടുത്തവരെ സംബന്ധിച്ചുമുള്ള വാർത്ത പുറത്ത് വന്ന സാഹചര്യത്തിൽ ഐ.സി.ബാലകൃഷ്ണന്റെ പേരിൽ നടപടിയെടുക്കാൻ കോൺഗ്രസ് ആർജവം കാണിക്കണം. അഴിമതി ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.
പി.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സി.കെ.ശശീന്ദ്രൻ, വി.വി.ബേബി, കെ.റഫീഖ്, പി.കെ.സുരേഷ്, സുരേഷ്താളൂർ, പി.ആർ.ജയപ്രകാശ്, കെ.ഷമീർ, സി.കെ.സഹദേവൻ, പി.വാസുദേവൻ,ബേബി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.