കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവർക്കായി സർക്കാർ നടപ്പാക്കുന്ന വെള്ളപ്പൻകണ്ടി പുനരധിവാസപദ്ധതി പ്രകാരം 10 വീടുകളുടെ പണി പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ 14 വീടുകളുടെ പണി ഉടനെ തുടങ്ങും. പദ്ധതിയിലുൾപ്പെടുത്തി ഘട്ടംഘട്ടമായി 109 കുടുംബങ്ങൾക്ക് വീടുകൾ പണിയാനാണ് ലക്ഷ്യമിടുന്നത്.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ടാംവാർഡിലുള്ള വനമേഖലയിലെ വെള്ളപ്പൻകണ്ടി പ്രദേശത്താണ് പുനരധിവാസം നടപ്പാക്കുന്നത്. മേപ്പാടിയിൽ നിന്നും ഏകദേശം 18 കിലോമീറ്റർ അകലെയുള്ള വനപ്രദേശമാണിത്. ഒരു ഏക്കർ ഭൂമി വീതമാണ് ഓരോ കുടുംബത്തിനും പതിച്ച് നൽകിയത്. പുനരധിവാസ പദ്ധതി പൂർത്തിയാവുന്നതോടെ 109 കുടുംബങ്ങൾക്കും ഒരേക്കർ ഭൂമിയും വീടും സ്വന്തമാക്കാനാവും
നൂൽപ്പുഴ, തിരുനെല്ലി പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് താമസക്കാരെറേയും. കുടിവെള്ളം, വൈദ്യുതി, റോഡ് എന്നിവയുടെ നിർമ്മാണത്തിനായുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ്‌വീടുകളുടെ നിർമ്മാണ ചുമതലയിൽ ആദിവാസി പുനരധിവാസ മിഷൻ (ടി.ആർ.ഡി.എം) പദ്ധതിയിലുൾപ്പെടുത്തിയാണ് വീടുകളുടെ പണി നടത്തിയത്. 550 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള ഒരു വീടിന് 6 ലക്ഷം രൂപയാണ് പദ്ധതി മുഖേന വകയിരുത്തിയത്. രണ്ട് കിടപ്പുമുറികൾ, അടുക്കള, ഹാൾ,ബാത്ത്‌റൂം,വർക്ക്ഏരിയ തുടങ്ങിയസൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. നിലവും ബാത്ത്‌റൂമുകളും ടൈൽ പതിച്ച് സൗകര്യപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളത്തിനായി വറ്റാത്ത നീരുറവയുള്ള പ്രകൃതിയൊരുക്കിയ കുളമാണിപ്പോൾ ഇവിടുത്തുകാർ ആശ്രയിക്കുന്നത്.
10 വീടുകളിലായി 37 പേർ ഇവിടെ താമസിക്കുന്നുണ്ട്. 26 മുതിർന്നവരും 11 കുട്ടികളും. കുട്ടികളുടെ പഠനപ്രവർത്തനത്തിനായി അഡ്വ.ടി.സിദ്ധീഖ് എം.എൽ.എ മുൻകൈയെടുത്ത് വിദ്യാഭ്യാസ പഠന കേന്ദ്രം കോളനിയിൽ സ്ഥാപിച്ചത് കുട്ടികൾക്കേറെ ആശ്വാസമായി. പഠന കേന്ദ്രത്തിൽ സോളാർ സംവിധാനവും ടി.വിയും അനുബന്ധ ഉപരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമായി ഹരിതരശ്മി പദ്ധതിയും നടപ്പാക്കിവരുന്നു. പദ്ധതി മുഖേന വിത്ത്,വളം, തൈകൾ, മറ്റിതരസഹായങ്ങളും സൗജന്യമായി ഉറപ്പാക്കിവരുന്നു.
വൈദ്യുതീകരണം നടപ്പാക്കുന്നതോടൊപ്പം സോളാർ സംവിധാനവുംലഭ്യമാക്കും. അതിനായി അനർട്ട് സംഘം ഉടനെ കോളനി സന്ദർശിക്കും.