ghs

കുപ്പാടിത്തറ: കുറുമ്പാല ഗവ. ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പട്ടികവർഗ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിനിയുടെ തുടർപഠന ചെലവ് അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ ഏറ്റെടുത്തു.
സ്‌കൂളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കാൻ ഒരുക്കിയ ചടങ്ങിന്റെയും സ്‌കൂൾ സമിതി സ്വരൂപിച്ച പഠനോപകരണങ്ങളുടെ വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇത് പ്രഖ്യാപിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ ഉപഹാരങ്ങൾ നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹ്‌മാൻ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജസീല റംലത്ത്, ബുഷറ വൈശ്യൻ, പി.എ ജോസ്, പി.ടി.എ പ്രസിഡന്റ് കെ.എ മുഹമ്മദ് ഷാഫി, കാഞ്ഞായി ഉസ്മാൻ, പി.ജി സജേഷ്, സി.ഹാരിസ്, പി.കെ സത്യൻ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് എൻ.പി ഗീതാബായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.എസ് ഗോപിദാസ് നന്ദിയും പറഞ്ഞു.