വാളാട്: തവിഞ്ഞാൽ പഞ്ചായത്തിലെ പുന്നശ്ശേരി ആദിവാസി കോളനിയിലുള്ള കുട്ടികളുടെ ഓൺലൈൻ പഠനം ഇനി മുടങ്ങില്ല. സന്നദ്ധസംഘടനയായ ടോട്ടം റിസോഴ്‌സ് സെന്ററും മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥികളും ചേർന്ന് പുന്നശ്ശേരിയിലെ പഠനകേന്ദ്രത്തിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി എത്തിച്ചു. വൈദ്യുതിയില്ലാത്തതിനാൽ പുന്നശ്ശേരി കോളനിയിലെ കുട്ടികളുടെ ഓൺലൈൻ പഠനം തടസപ്പെടുന്നുവെന്ന വാർത്ത വിവിധ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് സോളാർ പാനൽ സ്ഥാപിച്ച് സൗകര്യമൊരുക്കിയത്.
വാളാടിന് സമീപത്തുള്ള പുന്നശ്ശേരിയിലെ വനഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങളിലെ കുട്ടികളുടെ പഠനമാണ് ഇരുട്ടിലായിരുന്നത്. 15 ആദിവാസികുടുംബങ്ങളാണ് പുന്നശ്ശേരിയിലെ വനഭൂമിയിൽ പത്തുവർഷത്തിലധികമായി താമസിക്കുന്നത്.
ഒന്നുമുതൽ ഡിഗ്രി വരെ പഠിക്കുന്ന 22 വിദ്യാർത്ഥികൾ ഇവിടെയുണ്ട്. കൊവിഡ് വ്യാപനത്തെത്തുടർന്ന് ഓൺലൈൻ പഠനത്തിലേക്ക് മാറിയതോടെയാണ് ഇവിടെയുള്ള കുട്ടികളുടെ പഠനം തടസപ്പെട്ടത്. ഈ കോളനിയിലെ പകുതിയിലേറെ കുടുംബങ്ങൾക്കും മൊബൈൽ ഫോണുകൾ കൈവശമുണ്ടെങ്കിലും വൈദ്യുതിയില്ലാത്തതിനാൽ ഫോൺ ചാർജ് ചെയ്യാൻ പ്രയാസമായിരുന്നു. കോളനിയിലെ എല്ലാ കുടിലുകളിലും കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ കുട്ടികൾക്ക് പഠിക്കാനായി രക്ഷിതാക്കളും മറ്റ് കോളനിവാസികളും ചേർന്ന് ഇവിടെ ഒരു പഠനകേന്ദ്രം നിർമ്മിച്ചിരുന്നു. മൺകട്ട കൊണ്ടു ഭിത്തികെട്ടി മേൽക്കൂര ഷീറ്റിട്ട് രണ്ടുമുറിയുള്ള പഠനകേന്ദ്രമാണ് നിർമ്മിച്ചത്. എന്നാൽ, ഈ പഠനകേന്ദ്രത്തിലും വൈദ്യുതിയും മറ്റുസൗകര്യങ്ങളും ഉണ്ടായിരുന്നില്ല.
പഠനകേന്ദ്രത്തിലെങ്കിലും വൈദ്യുതിയെത്തിക്കാൻ ജനപ്രതിനിധികളും കോളനിവാസികളും പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് കോളനിവാസികൾക്ക് ആശ്വാസമായി ടോട്ടം റിസോഴ്‌സ് സെന്ററും പോളിടെക്‌നിക് വിദ്യാർത്ഥികളും എത്തിയത്. 60,000 രൂപയിലേറെ മുടക്കിയാണ് പുന്നശ്ശേരിയിൽ സോളാർ പാനലും മറ്റു സൗകര്യങ്ങളും ഒരുക്കിയത്.
പഠനകേന്ദ്രം ഇനി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്റർ
പുന്നശ്ശേരിയിലെ പഠനകേന്ദ്രം ടോട്ടം റിസോഴ്‌സ് സെന്റർ സാമൂഹ്യ വികസന കേന്ദ്രമാക്കി മാറ്റും. ഇതിനായുള്ള പ്രവർത്തനങ്ങൾ സന്നദ്ധസംഘടനയായ ടോട്ടം റിസോഴ്‌സ് സെന്റർ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഠനകേന്ദ്രത്തിന്റെ ചുമരുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന കലാകാരന്മാരുടെ സഹായത്തോടെ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി. കുട്ടികളുടെ ഓൺലൈൻ പഠനം സുഗമമാക്കാൻ ടെലിവിഷനും മറ്റു സംവിധാനങ്ങളും എത്തിക്കും.
വിശാലമായ ലൈബ്രറിയും സെന്ററിൽ ഒരുക്കുമെന്ന് ടോട്ടം റിസോഴ്‌സ് സെന്റർ സെക്രട്ടറി ജയ്ശ്രീ കുമാർ പറഞ്ഞു. കൂടാതെ, കരിയർ ഡെവലപ്‌മെന്റ് സെന്ററും തുടങ്ങും. ഉപരിപഠന പരിശീലനം, വിവിധ മത്സര പരീക്ഷാ പരിശീലനം എന്നിവ ഇവിടെയുണ്ടാകും. ടോട്ടം റിസോഴ്‌സ് സെന്ററിനു കീഴിൽ വയനാട് ജില്ലയിലെ വിവിധയിടങ്ങളിലായി എട്ടു കമ്മ്യൂണിറ്റി സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.