freedom
മത്സരത്തിന്റെ ഭാഗമായി ഒരുകുട്ടി വരച്ച ചിത്രം

കണ്ണൂർ: പ്രാദേശിക ചരിത്രത്തെ അടിസ്ഥാനമാക്കി ആഘോഷം സംഘടിപ്പിക്കണമെന്നാണ് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ വിഷയമായി തിരഞ്ഞെടുത്തത് കയ്യൂർ സമരം.അമൃതവർഷം എന്ന പേരിട്ട് സംഘടിപ്പിക്കുന്ന സ്വാതന്ത്രദിനാഘോഷമാണ് തുടക്കം തൊട്ടെ വിവാദത്തിലേക്ക് എത്തിനിൽക്കുന്നത്.

പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് വിവിധ തലങ്ങളിലായി ക്വിസ്, ജലഛായ ചിത്ര മത്സരം ,​പ്രബന്ധരചന,​ പ്രൊജക്ട് തയ്യാറാക്കൽ,​ എന്നിവയിൽ മത്സരങ്ങൾ നടക്കും. എല്ലാത്തിന്റെയും വിഷയം കയ്യൂർ സമരം തന്നെ. കർഷകസമരമല്ലാതെ ജില്ലയിൽ സ്വാതന്ത്രസമരപോരാട്ടങ്ങൾ തന്നെ ഉണ്ടെന്നിരിക്കെ വിഷയം തിരഞ്ഞെടുത്തതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ആരോപിക്കുന്നു.

ചരിത്രം മറക്കരുത്

1928 മേയിൽ പയ്യന്നൂരിൽ നടന്ന കോൺഗ്രസ് നാലാം സമ്മേളനം കാസർകോട് ഉൾപെടുന്ന പ്രദേശത്തെ പ്രധാന സംഭവമാണെന്ന് കെ.പി.എസ്.ടി.എ ചൂണ്ടിക്കാട്ടുന്നു. ജവഹർലാൽ നെഹ്രു അടക്കം ഇതിൽ പങ്കെടുത്തിരുന്നു. മഹാകവി കുട്ടമത്ത്, വിദ്വാൻ പി. കേളുനായർ, ഹരീശ്വരൻ തിരുമുമ്പ്,​ ടി.എസ്. തുരുമുമ്പ്, കെ.എ. കേരളീയൻ, കെ.പി.സി.സി പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ, മേലത്ത് നാരായണൻ നമ്പ്യാർ, എ.സി. കണ്ണൻ നായർ, എൻ.കെ. ബാലകൃഷ്ണൻ, കെ. മാധവൻ, നാരന്തട്ട രാമൻ നായർ, എ. അച്യുതൻ, മുണ്ടവളപ്പിൽ കുഞ്ഞിരാമൻ, മഞ്ചേശ്വരം ഗോവിന്ദപൈ, കയ്യാർ കിഞ്ഞണ്ണ റൈ, കാർനട് സദാശിവ റാവു, മൂഡബിദ്ര ഉമേശ് റാവു, കന്നഡിഗ കൃഷ്ണ ഭട്ട്, ഗാന്ധി രാമൻ നായർ, കുമ്പള ഗാന്ധി ദേവപ്പ ആൾവ, ബദിയഡുക്ക ഗാന്ധി കൃഷ്ണ ഭട്ട് എന്നിവരെല്ലാം സ്വാതന്ത്ര്യ സമരത്തിന് ഉജ്വല സംഭാവനകൾ നൽകിയവരാണ്. സൈമൺ കമ്മീഷൻ വിരുദ്ധ പ്രക്ഷോഭവും വിദേശ വസ്ത്ര ബഹിഷ്‌കരണവും കള്ളുഷാപ്പ് പിക്കറ്റിംഗും ഉൾപ്പെടെയുളള സമരമുറകളിലൂടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ ഇവർ ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയരായവരാണ്.കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് ക്ഷേത്ര പ്രവേശന ജാഥ നയിച്ചത് ടി.എസ്.തിരുമുമ്പായിരുന്നു. സ്വാതന്ത്രസമര ചരിത്രത്തിൽ ജില്ലയ്ക്ക് നിരവധി ചരിത്രങ്ങൾ ഉണ്ടെന്നിരിക്കെ ബോധപൂർവ്വം കയ്യൂർ സമരത്തെ ആസ്പദമാക്കി വിദ്യാർത്ഥികളിൽ മത്സരങ്ങൾ നടത്തുന്നുവെന്നാണ് ഇവരുടെ ആരോപണം.

ഒന്നും പറയാനില്ലാത്തവരുടെ ആരോപണമെന്ന് സി.പി.എം
കാസർകോട് ജില്ലയിലെ സ്വാതന്ത്രദിനാചരണവുമായി ബന്ധപ്പെട്ട ഉയർന്നുവന്ന വിവാദം വെറും രാഷ്ട്രീയ ആരോപണം മാത്രമാണ്.കാടകം സത്യാഗ്രഹം ഉൾപ്പെടെയുള്ള സമരം കെ.മാധവൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ നടന്നതാണ്. ദേശീയസ്വാതന്ത്രസമരത്തിലെ മറക്കാനാകാത്ത അദ്ധ്യായമാണ് നാലുപേരെ തൂക്കിലേറ്റിയ കയ്യൂർ സമരം.ഇതിനെക്കാളും വലിയ ജീവത്യാഗം ജില്ലയിൽ എവിടെയാണുണ്ടായത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഏത് സമരമാണ് നടന്നിട്ടുള്ളത്.ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം ആരോപണവുമായി കോൺഗ്രസും അവരുടെ അദ്ധ്യാപകസംഘടനയും രംഗത്തുവരുന്നത്.

കെ. മാധവനെ പോലുള്ളവർ നേതൃത്വം നൽകിയ മുഖ്യധാര സമരങ്ങളെ അപകീർത്തിപ്പെടുത്തുകയാണ്. നായനാർ സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയാണ് കയ്യൂർ സമരത്തെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാക്കിയത്. മുഖ്യധാര സമരങ്ങൾ തമസ്കരിക്കുകയും കയ്യൂർ സമരത്തെ മുഖ്യധാരയോടൊപ്പം കൂട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്- പി.ശശിധരൻ (കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം)​