
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിൽ ജനാധിപത്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവാദമുണ്ടാക്കിയ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ കപിൽ സിബൽ ഡൽഹിയിൽ നടത്തിയ പിറന്നാൾ വിരുന്നിൽ പ്രതിപക്ഷ നേതാക്കളുടെ വൻ നിര. പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാത്ത സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ളവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.
73-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഡൽഹി വസതിയിൽ സിബൽ വിരുന്നൊരുക്കിയത്. എൻ.സി.പി നേതാവ് ശരത് പവാർ, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, തൃണമൂൽ എം.പി ഡെറിക് ഒബ്രെയ്‌ൻ, ഡി.എം.കെ നേതാവ് തിരുച്ചി ശിവ തുടങ്ങിയവർ പങ്കെടുത്തു. കപിൽ സിബലിനൊപ്പം
സോണിയാ ഗാന്ധിക്ക് കത്തയച്ച ശശി തരൂർ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, മനീഷ് തിവാരി തുടങ്ങിയവരുമുണ്ടായിരുന്നു. പ്രതിപക്ഷത്തെ പ്രമുഖരുടെ കൂട്ടായ്മയിൽ പ്രധാന ചർച്ച 2024 ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു. മഹാരാഷ്‌ട്ര മാതൃകയിൽ വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്ന് ശരദ്പവാർ പറഞ്ഞു.