varkala-sivagiri-station

വർക്കല: വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷനിൽ കൊവിഡ് പ്രതിസന്ധി മൂലം നിറുത്തിവച്ചിരുന്ന വികസന പദ്ധതികളുടെ പണി പുനരാരംഭിച്ചു. സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫാമിന്റെ നീളവും ഉയരവും കൂട്ടുന്ന പണികളാണ് പുനരാരംഭിച്ചിട്ടുള്ളത്.

24 കോച്ചുകളുള്ള ട്രെയിനുകളുടെ ബോഗികൾ പലതും പ്ലാറ്റ്ഫാമിന് വെളിയിൽ നിൽക്കുന്നത് മൂലം യാത്രക്കാർക്ക് ട്രെയിനിൽ കയറാനും ഇറങ്ങാനും ഏറെ ബുദ്ധിമുട്ടാണ്. പിന്നിലുള്ള ലേഡീസ് കമ്പാർട്ട്മെന്റ് യാത്രക്കാരാണ് ഈ പ്രയാസം കൂടുതലായി അനുഭവിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് പ്ലാറ്റ്ഫാമിന്റെ ഉയരം ബ്രോഡ്ഗേജ് ട്രെയിനിന് അനുയോജ്യമായി ഉയർത്താനുള്ള പണികളാണ് പുനരാരംഭിച്ചിട്ടുള്ളത്. മണ്ണിട്ട് പൊക്കി സ്ലാബ് പാകി പ്ലാറ്റ്ഫാം പണി പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്ന് മാസം വേണ്ടി വരുമെന്നാണ് നിർമ്മാണ ജോലികളുടെ ചുമതല വഹിക്കുന്ന റെയിൽവേ ഉദ്യാഗസ്ഥർ പറയുന്നത്. മഴയും വെയിലും കൊള്ളാതെ യാത്രക്കാർക്ക് നിൽക്കാൻ പാകത്തിൽ രണ്ട് ഷെൽട്ടറുകളുടെ പണികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. സ്റ്റേഷന്റെ തെക്കേഭാഗത്ത് ഒരു പുതിയ ഓവർബ്രിഡ്ജിന്റെ പണിയും ആരംഭിച്ചു. ഭാവിയിൽ എസ്കലേറ്രർ ലിഫ്റ്റും ഏർപ്പെടുത്താനുള്ള സാദ്ധ്യതയും പരിഗണിച്ചാണ് ഓവർബ്രിഡ്ജ് നിർമ്മിക്കുന്നത്.