nude-beach

ലണ്ടൻ: വേനലിൽ നിന്ന് ശൈത്യക്കാലത്തിലേക്ക് കടക്കുന്നതിന്റെ പ്രതീകമായി ബ്രിട്ടനിൽ നടന്ന ആഘോഷത്തിൽ 800 ഓളം പേർ പൂർണ നഗ്നരായി കടലിൽ കുളിച്ചു. 2012ൽ ആരംഭിച്ച മേള 2019ലാണ് ഇതിനു മുമ്പ് അവസാനമായി നടന്നത്. സ്ത്രീ പുരുഷ ഭേദമന്യേ പങ്കെടുക്കുന്ന എല്ലാവരും പൂ‌ർണ നഗ്നരായി കടലിൽ കുളിക്കുന്നതാണ് ആഘോഷത്തിലെ പ്രധാന പരിപാടി.

ഇതിൽ നിന്നും ശേഖരിക്കുന്ന തുക മാനസിക ആരോഗ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു എൻ ജി ഒക്ക് വേണ്ടി സംഘാ‌ടകർ സംഭാവന ചെയ്യും. ഇരുപതിനായിരം യൂറോ (ഏകദേശം 17.27 ലക്ഷം രൂപ) ആണ് ഇത്തവണ ശേഖരിച്ചത്. 2012 മുതൽ നടക്കുന്ന ഈ പരിപാടിയിൽ നിന്ന് ഇതുവരെയായും 80,000 യൂറോ ശേഖരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

വേനൽ മാറി ശൈത്യക്കാലം വരുന്നതിനു തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണ് സാധാരണയായി ഈ ആഘോഷം നടക്കുന്നത്. വരുന്ന ബുധനാഴ്ചയാണ് ബ്രിട്ടനിൽ ശൈത്യം ആരംഭിക്കുന്നത്. അതിനു മുന്നോടിയായാണ് കഴിഞ്ഞ ഞായറാഴ്ച ഈ ആഘോഷം നടന്നത്. എല്ലാ വർഷവും നടക്കുന്ന ഈ ആഘോഷം കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷമായി നടന്നിരുന്നില്ല. അതിനാൽ തന്നെ ഈ വർഷത്തെ പരിപാടിക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിച്ചേർന്നിരുന്നു.