നെടുമങ്ങാട്: നാലുവരിപ്പാത അടക്കമുള്ള വമ്പൻ പദ്ധതികളുമായി വികസനക്കുതിപ്പിന് ഒരുങ്ങുന്ന നെടുമങ്ങാട് താലൂക്കിന്, പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച മന്ത്രിപദ ലബ്ദിയും തലസ്ഥാന രാഷ്ട്രീയത്തിലെ നേതൃസ്ഥാനങ്ങളും ഏറെ ഗുണകരമാവുമെന്ന് വിലയിരുത്തൽ.
നെടുമങ്ങാട് എം.എൽ.എ .ജി.ആർ അനിലിന് ലഭിച്ച ഭക്ഷ്യമന്ത്രി പദത്തിന് പിന്നാലെ, മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തും, ഒന്നരപ്പതിറ്റാണ്ട് നെടുമങ്ങാട് എം.എൽ.എയായിരുന്ന പാലോട് രവി ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തുമെത്തിയത് ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്.
വഴയില - പഴകുറ്റി നാലുവരിപ്പാത, പഴകുറ്റി - മംഗലപുരം ഹൈടെക് പാത, അന്താരാഷ്ട്ര മാർക്കറ്റ് നവീകരണം, പത്താംകല്ല് ടൂറിസം മോർട്ടൽ, പാലോട് മൃഗശാലയും മ്യൂസിയവും, അരുവിക്കര റോഡ്, നെടുമങ്ങാട് പൈതൃകസംരക്ഷണം, വലിയമല ഐ.എസ്.ആർ.ഒ വിപുലീകരണം, പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ വികസനം, റവന്യു ഡിവിഷൻ ഓഫീസ് ആസ്ഥാന നിർമ്മാണം, താലൂക്കാസ്ഥാനത്ത് പുതിയ റവന്യു ടവർ നിർമ്മാണം, ജില്ലാ ആശുപത്രിയുടെയും ഗവ. കോളേജിന്റെയും വികസനം തുടങ്ങി ഫയലിൽ ഉറങ്ങുന്ന ഡസൻ കണക്കിന് സ്വപ്നപദ്ധതികൾ ചുവപ്പുനാട അഴിച്ച് യാഥാർത്ഥ്യമാക്കാൻ ഇതിൽപ്പരം പറ്റിയ സമയമില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രാഷ്ട്രീയ വടംവലികളും തർക്കങ്ങളും കരിനിഴൽ വീഴ്ത്തിയ പദ്ധതികൾക്ക് ഇനി ശാപമോക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ.
പാലോടൻ v/ s
മാങ്കോടൻ
നിർദ്ദിഷ്ട ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും നെടുമങ്ങാട്ടെ രാഷ്ട്രീയ വിദ്യാർത്ഥികളുടെ ആവേശമാണ്. മൂന്നര പതിറ്റാണ്ടത്തെ ബാലറ്റ് ചരിത്രത്തിൽ, കൊണ്ടും കൊടുത്തും ഇരുവരും നയിച്ച പോരാട്ടങ്ങൾ നിരവധിയാണ്.
1987 ൽ സി.പി.ഐയിലെ ആശാൻ കെ.വി.സുരേന്ദ്രനാഥിനോട് എതിരിട്ടായിരുന്നു രവിയുടെ രംഗപ്രവേശം. ആശാനു മുന്നിൽ അടി തെറ്റിയെങ്കിലും 91ൽ സി.പി.ഐയുടെ സൈദ്ധാന്തികൻ കെ.ഗോവിന്ദപ്പിള്ളയെ പാലോടൻ മലർത്തിയടിച്ചു. പകരം വീട്ടാൻ 96 ൽ സി.പി.ഐ നിയോഗിച്ചത് യുവനേതാവ് മാങ്കോട് രാധാകൃഷ്ണനെ. കന്നിയങ്കത്തിൽ മണ്ഡലം തിരിച്ചു പിടിക്കാൻ സാധിച്ചില്ലെങ്കിലും, 2001 ലും 2006 ലും പാലോടനെ വീഴ്ത്തി ചെങ്കൊടി പാറിച്ചു മാങ്കോടൻ. സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്ന ആർ.രാമചന്ദ്രൻ നായരെ തോല്പിച്ച് 2011 -ൽ പാലോടൻ വീണ്ടും എം.എൽ.എയും, ഡെപ്യൂട്ടി സ്പീക്കറുമായി. 2016 ൽ സി.ദിവാകരനോട് തോൽവി സമ്മതിച്ചാണ് രവി കളമൊഴിഞ്ഞത്. ജി.ആർ. അനിലിന്റെ ഇലക്ഷൻ കമ്മിറ്റി ചുമതല മാങ്കോടനും, എതിരാളി പി.എസ്. പ്രശാന്തിന്റെ ചുമതല പാലോടനുമായിരുന്നു. വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ അനിൽ മന്ത്രിയായപ്പോൾ, ജില്ലാ സെക്രട്ടറി പദം മാങ്കോടനെ തേടിയെത്തി. പിന്നാലെ, ഡി.സി.സി അദ്ധ്യക്ഷപദത്തിലേക്ക് പാലോടനും. മലനാടിന്റെ കരുത്തന്മാർ ഒരേ സമയം ജില്ലാ രാഷ്ട്രീയത്തിലും ഭരണരംഗത്തും അമരത്ത് വരുന്നത് നാട്ടുകാരിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്.