ആലപ്പുഴ: നിലച്ചുപോയ നീര വ്യവസായം സർക്കാരിന്റെ പുതിയ കർമ്മ പദ്ധതിയിലൂടെ വീണ്ടും നുരയും. ജില്ലയിലെ കരപ്പുറം നാളികേര ഉത്പാദന കമ്പനിക്കാണ് പദ്ധതി പ്രതീക്ഷയേകുന്നത്.
കടക്കെണിയെ തുടർന്നാണ് കരപ്പുറം നാളികേര ഉത്പാദന കമ്പനി അടച്ചുപൂട്ടിയത്. 1.70 കോടി രൂപ വായ്പയെടുത്താണ് പ്രവർത്തനം ആരംഭിച്ചത്. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ കാലത്ത് റിവൈവൽ പാക്കേജിൽ ഉൾപ്പെടുത്തി ഒൻപത് ശതമാനമായി പശില കുറച്ചിരുന്നു.
കമ്പനി നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിലും പാനീയം വേഗം പുളിച്ച് പോകുന്നതാണ് തിരച്ചടിയായത്. ആറുമാസം വരെ ഉത്പന്നം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിരുന്നു. എന്നാൽ പ്രതീക്ഷച്ചത് പോലെ ഉത്പന്നം സൂക്ഷിക്കാനായില്ല.
നീര കൂടാതെ ശർക്കര, വിനാഗരി, ചോക്ലേറ്റ് എന്നിവയും ഉത്പാദിപ്പിച്ചിരുന്നു. ജില്ലയിൽ നാളികേര വികസന ബോർഡാണ് നീര യൂണിറ്റ് സ്ഥാപിച്ചത്. കൃഷി വകുപ്പും പങ്കാളിയായി. കർമ്മ പദ്ധതിയിലൂടെ നീര ഉത്പാദനം കൂടുതൽ ആകർഷണീയമാക്കി സംരംഭകരെ സൃഷ്ടിക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതേക്കുറിച്ച് പഠിക്കാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തി.
പദ്ധതിയുടെ പ്രായോഗികത, കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ, വിപണന സാദ്ധ്യത എന്നിവയാണ് നീര ഉത്പാദനവുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് ആരായുന്നത്. തെങ്ങ് കൃഷി പ്രോത്സാഹിപ്പിച്ച് നീര ഉത്പാദനം നിലനിറുത്തുകയാണ് കൃഷിവകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് നീര ഉത്പാദനം ആരംഭിച്ചത്. നാളികേര വികസന ബോർഡ് വഴി കേന്ദ്രസർക്കാരും സ.ബ്.സി.ഡി നൽകി.
നീര ഉത്പാദനം ആരംഭിച്ചിട്ട്: 10 വർഷം
കരപ്പുറം നാളികേര ഉത്പാദന കമ്പനി
ഒരു ദിവസം ഉത്പാദിപ്പിച്ചിരുന്ന നീര: 2,000 ലിറ്റർ
ടാപ്പിംഗ് തൊഴിലാളികൾ: 55
മറ്റ് ജീവനക്കാർ: 10
നീരയുടെ ഗുണങ്ങൾ
1. ആൽക്കഹോൾ ഇല്ല
2. കൊഴുപ്പും കൊളസ്ട്രോളും ഇല്ല
3. പൊട്ടാസ്യവും സോഡിയവും സമൃദ്ധം
3. കേരപഞ്ചസാരയും ശർക്കരയും പ്രമേഹ സൗഹൃദ വിഭവങ്ങൾ
4. എല്ലാ പ്രായക്കാർക്കും കഴിക്കാം
5. പ്രകൃതിദത്ത ആരോഗ്യ പാനീയം
''
കൃഷിക്കാർക്ക് ഗുണകരമാണ് നീര ഉത്പാദനം. നാളികേര കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നത് വഴി കർഷകർക്ക് വരുമാനവും തൊഴിലവസരവും ലഭിക്കും. നീരയ്ക്കായി പ്രത്യേക പാക്കേജ് കൊണ്ടുവരണം. ബാദ്ധ്യതകൾ കാർഷിക വായ്പായി എഴുതി തള്ളി യൂണിറ്റുകൾ പ്രവർത്തിപ്പിക്കണം.
ഡി. പ്രീയേഷ് കുമാർ,
ചെയർമാൻ, കരപ്പുറം നാളികേര കമ്പനി