ആലപ്പുഴ: സർക്കാർ അടച്ചുപൂട്ടിയ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നുവെന്ന കാരണത്താൽ സർക്കാരിന്റെ തന്നെ മറ്റേതെങ്കിലും സ്ഥാപനത്തിൽ ജോലി വേണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പുറക്കാട് ഐ.സി.ഡി.പി സബ്‌സെന്റർ അടച്ചുപൂട്ടിയെന്നാരോപിച്ച് 14 വർഷം ജോലിചെയ്ത കാഷ്വൽ സ്വീപ്പർമാർ സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഇടപെട്ടത്. ജില്ലാ മൃഗസംരക്ഷണ ഓഫീസറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. സംസ്ഥാനത്ത് 24 മണിക്കൂറും വെറ്ററിനറി സേവനം ആരംഭിച്ചതിന്റെ ഭാഗമായാണ് പുറക്കാട് വെറ്ററിനറി ഉപകേന്ദ്രം പൂട്ടിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥാപനത്തിൽ കാഷ്വൽ സ്വീപ്പർമാരായി ജോലി ചെയ്തിരുന്ന പരാതിക്കാർക്ക് വകുപ്പുമായി യാതൊരു ബന്ധവുമില്ല. പുറക്കാട് ജോലി ചെയ്തിരുന്ന ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറെ ചേർത്തല വെറ്ററിനറി പോളിക്ലിനിക്കിലേക്ക് പുനർവിന്യസിച്ചതിനാൽ പരാതിക്കാരുടെ സേവനം ആവശ്യമില്ല. ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.