ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ക്ലീൻ ഇന്ത്യ കാമ്പയിന് ജില്ലയിൽ ഇന്ന് തുടക്കമാകും.
ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ കേരള മിഷൻ, ഹരിത കേരള മിഷൻ, നാഷണൽ സർവീസ് സ്‌കീം, നെഹ്‌റു യുവ കേന്ദ്ര തുടങ്ങിയവ സംയുക്തമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ഈ മാസം 31 വരെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്തും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനവും വീടുകളിൽ നിന്ന് തരംതിരിച്ച മാലിന്യങ്ങൾ ശേഖരിക്കുന്ന നടപടികളും ഊർജ്ജിതമാക്കും. നെഹ്റു യുവ കേന്ദ്ര വോളണ്ടിയർമാരെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തി പൊതു ഇടങ്ങളിൽ ബോധവത്കരണ പരിപാടികൾ നടത്തും. കോളേജുകൾ തുറക്കുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ വിദ്യാർത്ഥികൾ മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശേഖരിച്ച് കൈമാറും.
ജലസ്രോതസുകളുടെ നവീകരണ പ്രവർത്തനങ്ങളും ഇതോടനുബന്ധിച്ച് നടത്തും. കാമ്പയിനിന്റെ ഭാഗമായി ശേഖരിക്കുന്ന മാലിന്യങ്ങൾ ഗ്രീൻ കേരള കമ്പനിക്ക് കൈമാറും.
ജില്ലാ വികസന കമ്മിഷണർ കെ.എസ്. അഞ്ജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. രാജേഷ്, ശുചിത്വ മിഷൻ അസി. കോ ഓർഡിനേറ്റർ മുഹമ്മദ് കുഞ്ഞ് ആശാൻ, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ നിഷാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ദേവദാസ്, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ഹർഷിദ്, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ എന്നിവർ പങ്കെടുത്തു.