അരൂർ: ദേശീയ പാതയിൽ അരൂർ ക്ഷേത്രം കവലയിലെ സിഗ്നലിലുണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി ഫെഡറൽ ബാങ്ക് എരമല്ലൂർ ശാഖയിലെ ഉദ്യോഗസ്ഥ മെറിൻ എലിസബത്ത് സജി (30)യെ നെട്ടൂരിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. സിഗ്നൽ കണ്ട് ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം. ബൈക്കിന് തൊട്ടുപിന്നിലുണ്ടായിരുന്ന രണ്ട് സ്ക്കൂട്ടർ, ഒരു ബൈക്ക്, ഒരു കാർ, ഒരു മിനിലോറി, ഒരു ബസ് എന്നിവയാണ് കുട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം അരൂർ പൊലീസ് എത്തിയാണ് പുനഃസ്ഥാപിച്ചത്.