kuthiyathodu

തുറവൂർ: ഗാന്ധിജി അന്തിയുറങ്ങിയ കുത്തിയതോട് ഗ്രാമപഞ്ചായത്തിന്റെ ദീപ്തസ്മരണയ്ക്ക് ഇന്ന് വയസ് 87. 1934 ജനുവരി 18നാണ് പാട്ടുകുളങ്ങരയിലുള്ള അന്നത്തെ ഓടിട്ട താലൂക്ക് ബാങ്ക് ഓഫീസ് മുറിയിൽ ഒരു രാത്രി അദ്ദേഹം താമസിച്ചത്. ഗാന്ധിജിയുടെ അവസാനത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിൽ ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിന് എത്തിയപ്പോഴായിരുന്നു ഇവിടെ തങ്ങിയത്.

ബാങ്ക് കെട്ടിടത്തിന് പടിഞ്ഞാറുള്ള പുരയിടത്തിൽ നടന്ന യോഗത്തിൽ ഹിന്ദിയിൽ സംസാരിച്ച ഗാന്ധിജിയെ ഒരുനോക്ക് കാണാൻ ധാരാളം പേരാണ് തടിച്ചുകൂടിയത്. ഒപ്പം കൊണ്ടുനടക്കുമായിരുന്ന കോലാടും ഗാന്ധിജിക്കൊപ്പം ഈ സമയം കുത്തിയതോടിന്റെ മണ്ണിലെത്തിയിരുന്നു. അന്ന് നാട്ടുകാരാണ് ആടിന്റെ സംരക്ഷണം ഏറ്റെടുത്തത്.

മേക്കോടത്ത് കരുണാകരക്കുറുപ്പ്, കോളശേരി ശ്രീധരൻപിള്ള, കെ.ജി. ഗോപാലകൃഷ്ണൻ, വി.എ. ഗോപാലൻ നായർ തുടങ്ങിയവരായിരുന്നു അന്നത്തെ പരിപാടിയുടെ സംഘാടകർ. ബാങ്ക് കെട്ടിടം പിന്നീട് പഞ്ചായത്ത് ഭരണസമിതി സ്വന്തമായി വാങ്ങി. സന്ദർശന സ്മരണ നിലനിറുത്താൻ അദ്ദേഹത്തിന്റെ കാൽപ്പാട് പതിഞ്ഞ സ്ഥലത്ത് പീഠവും പഞ്ചായത്ത് ഓഫീസിന് മുന്നിൽ അർദ്ധകായ പ്രതിമയും സ്ഥാപിച്ചു.

അന്ന് കുത്തിയതോട്ടിൽ ഗാന്ധിജിയെ നേരിൽ കണ്ട തലമുറയിലെ ഒരാൾ ഒഴിച്ച് മറ്റുള്ളവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അന്ന് 11 വയസുള്ളപ്പോൾ ഗാന്ധിജിയെ കാണാൻ ഭാഗ്യം ലഭിച്ച കുത്തിയതോട് നാളികാട് പുതുക്കാട്ട് വെളി ബാലകൃഷ്ണനാണ് (98) ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തി. കോൺഗ്രസിന്റെ പഴയ പ്രാദേശിക നേതാവുകൂടിയാണ് ഇദ്ദേഹം. മിക്ക പഞ്ചായത്തുകളും പഴയ കെട്ടിടങ്ങൾ പൊളിച്ച് ബഹുനില മന്ദിരങ്ങൾ നിർമ്മിച്ചെങ്കിലും ഗാന്ധിജിയുടെ സന്ദർശന സ്മരണകളുറങ്ങുന്ന പഴക്കമേറിയ കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഓടിട്ട കെട്ടിടം പൊളിക്കാതെ ഇന്നും സംരക്ഷിച്ചുപോരുന്നു. ഗാന്ധിജയന്തി ദിനമായ ഇന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് പി. വത്സലയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ സംഘടനങ്ങളും പുഷ്പാർച്ചന നടത്തും.