photo

ആലപ്പുഴ : മൂന്ന് തൂണുകൾക്ക് ബലക്ഷയം കണ്ടെത്തിയതോടെ പാതിവഴിയിൽ നിർമ്മാണം നിലച്ച ആലപ്പുഴ ഗവ. ആയുർവേദ പഞ്ചകർമ്മ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിട സമുച്ചയത്തിന് ശാപമോക്ഷമാകുന്നു. ആയുഷ് മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് ,ബലക്ഷയം വന്ന തുണുകളുടെ ബലപ്പെടുത്തൽ ജോലി മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കരാറെടുത്ത ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്സ് ലിമിറ്റഡ് സ്വകാര്യ ഏജൻസിക്ക് നിർദേശം നൽകി.

ഇതിൽ വീഴ്ച വരുത്തിയാൽ നിയമനടപടി ഉൾപ്പെടെ സ്വീകരിക്കുമെന്ന് കരാർ കമ്പനിക്ക് ആയുഷ് മന്ത്രാലയം അഡിഷണൽ സെക്രട്ടറി മുന്നറിയിപ്പ് നൽകി. . ബലക്ഷയം വന്ന തൂണുകളുടെ ബലപ്പെടുത്തൽ ജോലി ഒക്ടോബർ 30ന് ആരംഭിച്ച് 2022 ജനുവരി 30ന് പൂത്തികരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. തുടർന്ന് രണ്ട് മാസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങി തുടർ നിർമ്മാണം ആരംഭിക്കും. എൻ.എച്ച്.എം ചീഫ് എൻജിനിയറും എൻ.എച്ച് എൻജിനിയർമാർ അംഗങ്ങളുമായ സാങ്കേതിക സമിതി നിർമ്മാണ ജോലികൾക്ക് മേൽനോട്ടം വഹിക്കും. ഓരോഘട്ടത്തിലെയും നിർമ്മാണ ജോലികൾ സമിതി വിലയിരുത്തി റിപ്പോർട്ട് സർക്കാരിനും ആയുഷ് വകുപ്പിനും നൽകണം. കഴിഞ്ഞ ദിവസം ആയൂഷ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി കെട്ടിട സമുച്ചയം സന്ദർശിച്ചിരുന്നു.

തിരുവനന്തപുരത്തെ സർക്കാർ എൻജിനിയറിംഗ്‌കോളേജിലെ രണ്ട് അദ്ധ്യാപകരുടെ നിർദ്ദേശത്തെ തുടർന്ന് കരാറെടുത്ത ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്സ് ലിമിറ്റഡ് സ്വകാര്യ ഏജൻസിയെ കൊണ്ടാണ് ബലപ്പെടുത്തൽ പദ്ധതി തയ്യാറാക്കിയത്.

ആരംഭിച്ചത് 2014ൽ

കേന്ദ്രസർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പഞ്ചകർമ്മ ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം 2014ലാണ് ആരംഭിച്ചത്. ഇതിനായി വലിയചുടുകാട് ജംഗ്ഷന് സമീപം ആലപ്പുഴ നഗരസഭയുടെ ഒരേക്കർ 60 സെന്റ് ഭൂമി സർക്കാർ ഏറ്റെടുത്തു. അഞ്ചുകോടി രൂപ ആയുഷ് മന്ത്രാലയം കെട്ടിടനിർമ്മാണത്തിന് അനുവദിച്ചു. 2015ൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. ആദ്യ ഗഡുവായി ലഭിച്ച 2 കോടി രൂപ കൊണ്ട് പൈലിംഗ് അടക്കം 159 തൂണുകളുടേയും കെട്ടിടത്തിന്റെ അടിത്തറയും സ്ലാബുകളുടെ നിർമ്മാണവുമാണ് പൂർത്തിയാക്കിയത്.