ambala
ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞിട്ടും അടഞ്ഞുകിടക്കുന്ന കരുമാടി ആയുർവേദ ആശുപത്രിക്കെട്ടിടം.

അമ്പലപ്പുഴ : കിടത്തി ചികിത്സയുള്ള ഒരു സർക്കാർ ആയുർവേദ കേന്ദ്രത്തിനായി കരുമാടിക്കാരുടെ കാത്തിരിപ്പ് ഒന്നര പതിറ്റാണ്ട് പിന്നിട്ടു. രണ്ട് ശിലാസ്ഥാപനങ്ങൾക്കൊടുവിൽ കെട്ടിടം നിർമ്മിച്ച് രണ്ട് വർഷം മുമ്പ് ഉദ്ഘാടനം നടത്തിയെങ്കിലും ഗവ.ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം ഇതുവരെ തുടങ്ങിയിട്ടില്ല. ചെറിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്പെൻസറി മാത്രമാണ് ഇന്നും കരുമാടിക്കാർക്ക് ആശ്രയം.

2006ലാണ് ആശുപത്രി കെട്ടിടത്തിന് ആദ്യം ശിലയിട്ടത്. തുടർനിർമ്മാണം നടക്കാതിരുന്നതിനെത്തുടർന്ന് എം.പിമാരുടെ പ്രാദേശിക വികസന പദ്ധതിയിൽപ്പെടുത്തി വയലാർ രവി 25 ലക്ഷം രൂപ കെട്ടിടത്തിനായി അനുവദിച്ചു. 2015 മെയ് 25 ന് രണ്ടാം ശിലാസ്ഥാപനം നടന്നു. 2018 ഡിസംബർ 20ന് നിർമ്മാണം പൂർത്തിയായി. ഇതിനുശേഷം ഉദ്ഘാടനം നടത്തിയെങ്കിലും ആശുപത്രി പ്രവർത്തനം ഇവിടേക്ക് മാറ്റിയില്ല. ഇപ്പോൾ മദ്യപരുടെയും കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ കെട്ടിടം. കിടത്തി ചികിത്സ ആരംഭിക്കണമെങ്കിൽ സ്റ്റാഫ് നഴ്സ് അടക്കമുള്ള ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.