ആലപ്പുഴ:വയോജന ദിനത്തിൽ ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ഓൺലൈൻ സ്‌നേഹക്കൂട്ടായ്മകൾ സംഘടിപ്പിച്ചു.മഹാമാരിക്കാലം തീർത്ത ഏകാന്തതയും വിരസതയും അകറ്റാനും സുരക്ഷിതമായി സാമൂഹിക ഇടപെ‌ടലുകളും ആശയ വിനിമയവും നടത്തി സൗഹൃദാന്തരീക്ഷമൊരുക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ പരിപാടി.

നഗരത്തിലെ എല്ലാ വാർഡുകളിലും വയോജനങ്ങളുടേയോ ബന്ധുക്കളുടെയോ ഫോൺ നമ്പർ ശേഖരിച്ച് വാട്‌സ് ആപ്പ് കൂട്ടായ്മകളുണ്ടാക്കി അതിൽ മീറ്റിന്റെ ലിങ്ക് അയച്ചു നൽകിയായിരുന്നു ഓൺലൈൻ സ്‌നേഹ കൂട്ടായ്മകൾ സംഘടിപ്പിച്ചത്. ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചും കൊവിഡ് കാലത്ത് പാലിക്കേണ്ട ആരോഗ്യ,വ്യായാമ ശീലങ്ങളെക്കുറിച്ചും വിദഗ്ദ ഡോക്ടർമാർ നയിക്കുന്ന ക്ലാസുകളുണ്ടായിരുന്നു. പ്രദേശത്തെ അദ്ധ്യാപകരും സാമൂഹിക പ്രവർത്തകരും സ്‌നേഹ സംവാദങ്ങളിൽ പങ്കെടുത്തു.

ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതിയുടേയും വയോമിത്രം പ്രോജക്ടിന്റേ യും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ സ്‌നേഹക്കൂട്ടായ്മ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസ് അദ്ധ്യക്ഷനായി. ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ സ്വാഗതവും സെക്രട്ടറി നീതുലാൽ നന്ദിയും പറഞ്ഞു. വാർഡുകൾ കേന്ദ്രീകരിച്ച് നടന്ന സ്‌നേഹക്കൂട്ടായ്മകൾ അതത് കൗൺസിലർമാർ ഉദ്ഘാടനം ചെയ്തു.