security
മോഹൻ ദാസ്

സോമൻ കൈറ്റാത്ത്.

പൂച്ചാക്കൽ: രാവും പകലും ഏവർക്കും സെക്യൂരി​റ്റി​ നൽകാൻ പണി​പ്പെടുന്ന സ്വകാര്യ സെക്യൂരി​റ്റി​ ജീവനക്കാരുടെ ജീവി​തം വലി​യ ദുരി​തത്തി​ലാണ്. പ്രളയത്തിലും കൊവിഡിലുമൊക്കെ യാതൊരു ആനുകൂല്യവും നൽകാതെ പുറമ്പോക്കിലായിരുന്ന ഇവർക്ക് പറയാനുള്ളത് കഷ്ടപ്പാടി​ന്റെ കദനകഥകളാണ്.

കമ്പനികൾ, ഓഫീസുകൾ, ഹോട്ടൽ, ഗോഡൗണുകൾ, അമ്പലങ്ങൾ, പള്ളികൾ, വീടുകൾ , മരണം നടന്ന വീടുകൾ, വിവാഹ ചടങ്ങുകൾ തുടങ്ങി എവി​കടെയും സെക്യൂരിറ്റിക്കാരെ കാണാം. 24 മണിക്കൂർ ജോലി ചെയ്യുന്നവർ 15 ദിവസവും 12 മണിക്കൂർ ജോലി ചെയ്യുന്നവർ 30 ദിവസവും ജോലി ചെയ്യണമെന്നാണ് അലിഖിത നിയമം. ശമ്പളം 6000 മുതൽ പരമാവധി 12000 വരെ.

വിദ്യാഭ്യാസവും ആകാരഭംഗിയും പ്രായവുമൊക്കെ പരിഗണിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത്. കേരളത്തിലെ വളരെ കുറച്ച് സ്വകാര്യ സെക്യൂരിറ്റി ഏജൻസികൾ മാത്രമേ മിനിമം വേതനം നൽകുന്നുള്ളു. വിമുക്ത ഭടന്മാർ നടത്തുന്ന ചി​ല സെക്യൂരിറ്റി ഏജൻസികളിൽ മാന്യമായ ശമ്പളം നൽകുന്നുണ്ട്. എന്നാൽ ബഹുഭൂരിപക്ഷം സ്ഥലത്തും മറിച്ചാണ് കാര്യങ്ങൾ. സെക്യൂരിറ്റി സർവ്വീസ് നടത്താൻ സർക്കാർ ലൈസൻസ് വേണം എന്നതാണ് നിയമം. എന്നാൽ ജില്ലയിലുള്ള നൂറോളം കമ്പനികളിൽ ലൈസൻസ് ഉള്ളത് വളരെ കുറച്ചു പേർക്ക് മാത്രം. ഇപ്പോൾ കോർപ്പറേറ്റ് കമ്പനികൾ പോലും സെക്യൂരിറ്റി ജീവനക്കാരെ നേരിട്ട് നിയമിക്കാറില്ല. സ്വകാര്യ ഏജൻസികളെ ആശ്രയിക്കാറാണ് പതിവ്. സ്ഥിരം ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഒഴിവാക്കാനാണ് ഈ തന്ത്രം .

152 മണിക്കൂർ അധികജോലി​

അൻപത് വയസു കഴിഞ്ഞവരാണ് സ്വകാര്യ സെക്യൂരിറ്റിക്കാരിൽ അധികവും. ജോലിക്ക് തയ്യാറായാൽ രണ്ടു ജോഡി യൂണിഫോമിന്റെ വില കമ്പനിയിൽ നൽകണം. വീടിന് സമീപപ്രദേശങ്ങളിൽ തന്നെയാണ് ഇവരെ നിയമിക്കാറ് പതിവ്. ഒരു ദിവസം രാവിലെ ജോലിക്ക് എത്തുന്ന ജീവനക്കാരൻ പിറ്റേ ദിവസം രാവിലെ അടുത്ത ആൾ ചാർജ് എടുക്കുന്നതു വരെയാണ് ഡ്യൂട്ടി. എട്ടു മണിക്കൂർ ജോലിയുടെ മൂന്ന് ഷിഫ്റ്റ് ജോലി ചെയ്യണം. പിറ്റേ ദിവസം വിശ്രമം കിട്ടും. 15 ദിവസം 24 മണിക്കൂർ ജോലി.അതായത് മാസത്തിൽ 360 മണിക്കൂർ ജോലിയാണ് സ്വകാര്യ സെക്യൂരിറ്റിക്കാരൻ ചെയ്യേണ്ടത്. സാധാരണയായി മാസത്തിൽ 26 ദിവസം 8 മണിക്കൂറാണ് ജോലി. പൊതു അവധി ദിവസങ്ങളിൽ ഒഴിവും കിട്ടും. മറ്റുള്ള തൊഴിലാളികൾ മാസത്തിൽ 208 മണിക്കൂർ ജോലി ചെയ്യുമ്പോൾ സ്വകാര്യ സെക്യൂരിറ്റിക്കാർ 152 മണിക്കൂർ അധികം ജോലി ചെയ്യണം. അതു മാത്രമല്ല, ലീവെടുത്താൽ ശമ്പളത്തിൽ നിന്നും ആ ദിവസത്തെ വേതനം കുറയ്ക്കും.

അസംഘടിതരുമല്ല സെക്യൂരി​റ്റി​ക്കാർ

എല്ലാ മാസവും കമ്പനികളിൽ നിന്നും കൃത്യമായി സെക്യൂരിറ്റി ഏജൻസികൾ തുക വാങ്ങിക്കുമെങ്കിലും, ജീവനക്കാർക്ക് പത്താം തീയതി കഴിഞ്ഞിട്ട് മാത്രമേ ശമ്പളം കൊടുക്കാറുള്ളു. ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ നിന്ന് മുങ്ങാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഏജൻസി നടത്തുന്ന മാത്യൂസ് പറഞ്ഞു. ഇന്ത്യയിൽ തൊഴിലെടുക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ക്ഷേമ ബോർഡുകളുണ്ടെങ്കിലും ആയിരക്കണക്കിന് പേർ പണിയെടുക്കുന്ന സെക്യൂരിറ്റി ജീവനക്കാർ ഒരു പദ്ധതിയിലും ഉൾപ്പെടുത്തിയിട്ടില്ല. അടുത്ത കാലത്ത് വന്ന അസംഘടിത തൊഴിലാളികളുടെ നിർവചനത്തിലും സെക്യൂരിറ്റിക്കാർ ഔട്ടാണ്.

..............................

വെയിലും മഴയും നോക്കാതെ മുഴുവൻ സമയം ശ്രദ്ധയോടെ ജോലി ചെയ്യുന്നു. ഇത്രയും കുറഞ്ഞ വേതനം നൽകുന്ന തൊഴിൽ മേഖല വേറെ ഉണ്ടാവില്ല.

മോഹൻ ദാസ് സെക്യൂരിറ്റി ജീവനക്കാരൻ