ആലപ്പുഴ: പടക്കപ്പലിനെ സ്വീകരിക്കാൻ ആലപ്പുഴ ബീച്ച് ഒരുങ്ങി.നാവികസേനയുടെ പഴയ യുദ്ധക്കപ്പലായ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇന്‍ഫാക് ടി 81) കലവൂരിൽ നിന്നും ആലപ്പുഴ ബീച്ചിൽ ഇന്ന് വൈകിട്ടോടെ എത്തിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കപ്പൽ ആലപ്പുഴ ബൈപാസ് വഴി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ കൊമ്മാടിയിൽ നിന്നും ബൈപാസ് പാലത്തിൽ കയറ്റി രണ്ടു കൂറ്റൻ ക്രൈയിൻ വഴി ഇന്ന് ബീച്ചിലേക്ക് എത്തിക്കാൻ തീരുമാനമായതായി എച്ച്. സലാം എം.എൽ.എ പറഞ്ഞു. ഇതിനായി ദേശിയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെ സാങ്കേതിക തടസ്സങ്ങൾ പൂർണമായും നീങ്ങി. ഇതോടെ മൂന്നു ദിവസമായി കലവൂരിൽ നിർത്തിയിട്ടിരിക്കുന്ന കപ്പൽ ഉൾപ്പടെയുള്ള വാഹനം ആലപ്പുഴ ബൈപാസിൽ എത്തിക്കും. ഇന്ന് രാവിലെ എട്ടു മണിക്ക് മുമ്പ് കലവൂരിൽ നിന്നും പുറപ്പെട്ട് മൂന്നു മണിയോടെ കപ്പൽ ബീച്ചിലെത്തുമെന്നാണ് പ്രതീക്ഷ.
ആലപ്പുഴ ബൈപാസ് വഴിയുള്ള കടമ്പകടക്കുന്നതാണ് പ്രധാനം. ബൈപാസിൽ എത്തിച്ചതിന് ശേഷം രണ്ടുകൂറ്റൻ ക്രെയിൻ ഉപയോഗിച്ച് കപ്പൽ താഴെ ബീച്ചിലെത്തിക്കും. ബീച്ചിലേക്ക് വാഹനത്തിൽ എത്തിക്കാനുള്ള താൽക്കാലിക റോഡ് നിർമാണവും പ്ലാറ്റ്‌ഫോം നിർമാണവും പൂർത്തിയായിട്ടുണ്ട്. ബീച്ചിൽ സ്ഥാപിച്ചിരിക്കുന്ന പോർട്ട് മ്യൂസിയത്തിൽ കപ്പൽ ഇനി സ്ഥിരമായി നങ്കൂരമിടും.