കുട്ടനാട്: കിടങ്ങറ- കുന്നങ്കരി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനമായ ഇന്ന് വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗമായ സി.വി. രാജീവ് ഏകദിന ഉപവാസസമരം നടത്തും .രാവിലെ 8 ന് കിടങ്ങറ ബസാറിൽ ആരംഭിക്കുന്ന സമരം കിടങ്ങറ സെന്റ് ഗ്രഗോറിയസ് പള്ളി വികാരി ഫാ.ക്രിസ്റ്റി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തും.എൻ.എസ്.എസ് കുട്ടനാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.കെ പി നാരായണപിള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും കെ.പി.എം.എസ് ജില്ലാ സെക്രട്ടറി റ്റി.ആർ.അനിയൻ സംസാരിക്കും . കിടങ്ങറ പള്ളിക്ക് സമീപം ഗവ.എച്ച് എസ് എസിന്റെ പ്രവേശന കവാടത്തോട് ചേർന്ന് റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി.