ചേർത്തല: കൃഷികർണ പദ്ധതിയുടെ പുതിയ ഉദ്യമമായ ശീതകാല പച്ചക്കറിയുടെ ഉത്പാദനത്തിന് മൂന്നാറിലെ വട്ടവടയിൽ തുടക്കമായി. കൃഷി വകുപ്പുമായി സഹകരിച്ച് ബ്രോക്കോളി, കോളിഫ്ളവർ, ബീറ്റ്റൂട്ട്, കാരറ്റ്, റാഡിഷ്, കോൾറാബി, വിവിധ വർണങ്ങളിലുള്ള കാപ്‌സിക്കം, ചെറി, തക്കാളി, ഇല വർഗങ്ങളായ സെലറി, ലെറ്റൂസ്, ബോക്‌ചോയി, സ്വിസ് ചാഡ്, പാലക്ക്, മല്ലി, പുതിന, ഒറിഗാനോ, റോസ്‌മേരി, കെയിൽ പോലെയുള്ള വിവിധ തരം ഇറ്റാലിയൻ പച്ചക്കറികളുമാണ് ഉത്പാദിപ്പിക്കുന്നത്.
വിഷരഹിത പച്ചക്കറി ഉത്പാദനത്തിലെ സ്വയംപര്യാപ്തതയ്‌ക്കും ഹൈടെക് കൃഷി സമ്പ്രദായങ്ങളിലൂടെ കർഷകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കാനുമായി സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റിയും സസ്റ്റൈനബിൾ ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വിളവ് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന പദ്ധതിയും ഇതിനോടനുബന്ധിച്ച് നടപ്പാക്കുന്നുണ്ട്.
കർഷകർക്ക് പിന്തുണയും സാങ്കേതിക സഹായങ്ങളും നൽകിവരുന്ന പദ്ധതിയിലൂടെ സുസ്ഥിര കൃഷിരീതികളുടെ പ്രചാരവും കർഷകർക്ക് മികച്ച വിളവും വിളകൾക്ക് മികച്ച വിലയും ഉറപ്പാക്കും.
ശീതകാല പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ കേരളത്തിൽ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ളത് മൂന്നാറിലാണ്. ഉത്പാദനത്തിന് പുറമേ കേരളത്തിൽ വിജയകരമായി കൃഷി ചെയ്യാവുന്ന ശീതകാല പച്ചക്കറികളെ കുറിച്ചുള്ള ഗവേഷണവും കൃഷികർണ ലക്ഷ്യമിടുന്നുണ്ട്.