ചാരുംമൂട് : മഹാത്മാവിന്റെ വേഷധാരണത്തോടെ നിരവധി വേദികളിലെത്തി ശ്രദ്ധേയനായ ഓണാട്ടുകരയുടെ 'ഗാന്ധി' ബഷീർ താമരക്കുളത്തിന് ഗാന്ധി ജയന്തി ദിനത്തിൽ ആദരവ് നൽകി.
ഗാന്ധിദർശൻ സമിതി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരക്കുളം ചാവടിയിലുള്ള പാറപ്പുറത്ത് വീട്ടിലെത്തിയാണ് സംഘടനാ ഭാരവാഹികൾ ഇദ്ദേഹത്തെ ആദരിച്ചത്.
താറുടുത്ത് കണ്ണടയും ഊന്നുവടിയും കയ്യിൽ പുസ്തകവുമായി വേദികളിലെത്തുന്ന ബഷീർമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്ത യോഗത്തിലടക്കം എത്തി അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്.
കൊമേഴ്സ്യൽ ആർട്ടിസ്റ്റും അനൗൺസറും നടനും പൊതുപ്രവർത്തകനുമൊക്കെയായി പ്രവർത്തിച്ചിരുന്ന ബഷീർ നാട്ടുകാർക്ക് ഏറെ പ്രിയങ്കരനാണ്. 72 കാരനായ ഇദ്ദേഹം രോഗവും വാർദ്ധക്യവും കാരണം ഇപ്പോൾ വീട്ടിൽ തന്നെ കഴിയുകയാണ്.
സമിതി പ്രസിഡന്റ് കെ.എൻ. അശോക് കുമാർ ആദരിച്ചു. യോഗം കോൺഗ്രസ് താമരക്കുളം മണ്ഡലം പ്രസിഡന്റ്പി.ബി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആർ.ബാലകൃഷ്ണൻ, ഭാരവാഹികളായ വള്ളികുന്നം ഷൗക്കത്ത് , സജി തെക്കേതലയ്ക്കൽ, അംജത്ഖാൻ ,മുഹമ്മദ് കുഞ്ഞ്, എം.ഇ.ജോർജ് , പി.എം.ഷെരീഫ്, ജി..ഉണ്ണിക്കൃഷ്ണൻ, എസ്. സംഗീത് കൃഷ്ണ, ആർ. അനീഷ്, എ.പി.ഹരിശങ്കർ , അലിയാർ കുഞ്ഞ് എന്നിവർ പങ്കെടുത്തു.