motor
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് മാവേലിക്കര മോട്ടോർ വാഹന വകുപ്പ് കൊല്ലം- തേനി ദേശീയ പാതയിൽ ചാരുംമൂട് മുതൽ കൊല്ലകടവ് വരെയുള്ള ഭാഗങ്ങളിലെ കാഴ്ച്ച മറഞ്ഞിരുന്ന സൂചനാ ബോർഡുകൾ തെളിയിക്കുന്നു.

ചാരുംമൂട്: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് മാവേലിക്കര താലൂക്ക് സ്ക്വാഡ്, കൊല്ലം- തേനി ദേശീയ പാതയിൽ ചാരുംമൂട് മുതൽ കൊല്ലകടവ് വരെയുള്ള ഭാഗങ്ങളിൽ കാഴ്ച്ച മറഞ്ഞിരുന്ന സൂചനാ ബോർഡുകൾ തെളിച്ചു. അപകടം ഉണ്ടാക്കുന്ന തരത്തിൽ റോഡിലേക്ക് പിടിച്ചു കിടന്നിരുന്ന കാടുകൾ വെട്ടിമാറ്റുകയും ചെയ്തു.

ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി. ഒ പി. ആർ സുമേഷിന്റെ നിർദ്ദേശം അനുസരി​ച്ചാണ് മോട്ടോർ വാഹന വകുപ്പ് ശുചീകരണം നടത്തി​യത്. യാത്രക്കാർക്ക് ഭീഷണി ഉയർത്തി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നിരുന്ന മുറിച്ച് മാറ്റേണ്ട മരങ്ങൾക്ക് പകരം പി ഡബ്യൂ ഡി നിർദ്ദേശിച്ച സ്ഥലങ്ങളിൽ വൃക്ഷ തൈകളും നട്ടു. സാമൂഹിക വനവത്കരണ വിഭാഗം ചെങ്ങന്നൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. ഹരികുമാർ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ സന്തോഷ്. എസ്.വി എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ശ്രീജി നമ്പൂതിരി, സതീഷ് എസ്., സി. ജി ചന്തു എന്നിവർ പങ്കെടുത്തു. മോട്ടോർ വാഹന വകുപ്പും സാമൂഹിക വനവത്കരണ വിഭാഗവും ചേർന്ന് വരും ദിവസങ്ങളിൽ റസിസന്റ്സ് അസോസിയേഷനുകൾ, ഡ്രൈവിംഗ് സ്കൂളുകൾ, ഓട്ടോ - ടാക്സി തൊഴിലാളികൾ തുടങ്ങിയവർ മുഖേന 500 ഫല വ്യക്ഷ തൈകൾ വിതരണം ചെയ്യുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജി നമ്പൂതിരി പറഞ്ഞു.

ലഹരിവിരുദ്ധ സന്ദേശ സൈക്കിൾ റാലി

നൂറനാട് എക്സൈസ് റെയ്‌ഞ്ചും മുതുകാട്ടുകര കാവേരി റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തിയ ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി. പാലമേൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. വിനോദ് ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു. പടനിലം ജംഗ്ഷനിൽ നടത്തിയ ലഹരിവിരുദ്ധ സമ്മേളനം നൂറനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വപ്ന സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ആർ വിഷ്ണു, ശിവപ്രസാദ്, മാജിത ഫസൽ, രാജലക്ഷ്മി എന്നിവർ സംസാരിച്ചു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നൂറനാട് എക്സൈസ് ഇൻസ്‌പെക്ടർ ഈ. ആർ. ഗിരീഷ്‌കുമാർ സ്വാഗതവും ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സജികുമാർ ഗാന്ധിജയന്തി സന്ദേശവും റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ആർ. ശശിധരൻ നന്ദി​യും പറഞ്ഞു.