ആലപ്പുഴ : ടൂറിസ്റ്റുകളടക്കം ആയിരക്കണക്കിനു പേർ ദിവസവും യാത്ര ചെയ്യുന്ന കല്ലുപാലം -ചുങ്കം - പള്ളാത്തുരുത്തി റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷം രണ്ടായിട്ടും പുതുക്കിപ്പണിയുന്ന നടപടികൾക്ക് വേഗതയില്ല. റോഡിൽ വൻകുഴികൾ രൂപപ്പെട്ടിട്ടുള്ളതിനാൽ വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു. കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇടയ്ക്കിടെ അനുഭവപ്പെടുന്ന വേലിയേറ്റത്തിലും തോരാമഴയിലും റോഡ് വെള്ളക്കെട്ടായി മാറും. കല്ലുപാലം മുതൽ പള്ളാത്തുരുത്തി പൊലീസ് എയ്ഡ്‌പോസ്റ്റ് വരെയുള്ള രണ്ട് കിലോമീറ്റർ റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്.
പള്ളാത്തുരുത്തി എൽ.പി സ്കൂളിലേക്ക് വിദ്യാർത്ഥികൾ എത്തുന്ന പ്രധാന റോഡാണിത്. ഹൗസ് ബോട്ട് സവാരിക്കായി ടൂറിസ്റ്റുകളെയും കൊണ്ടുള്ള വാഹനങ്ങൾ കടന്നുവരുന്നതും പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെയാണ്.
ഓട്ടോയ്ക്ക് അമിത ചാർജ്
റോഡ് തകർന്നതിനാൽ ഭൂരിപക്ഷം ഓട്ടോറിക്ഷക്കാരും ഇതുവഴിയുള്ള സവാരി നിറുത്തി. നഗരത്തിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ചാൽ ചുങ്കം പാലത്തിന് സമീപം ഇറക്കിവിടും. ചുങ്കത്ത് നിന്ന് ബോട്ടുജെട്ടിവരെ മുമ്പ് 40രൂപ വാങ്ങിയിടത്ത് ഇപ്പോൾ 140 രൂപവരെ ഓട്ടോറിക്ഷക്കാർ വാങ്ങുന്നതായി പരാതിയുണ്ട്.
ഹൗസ് ബോട്ടുകളുടെ പ്രധാന പോയിന്റ്
എ.സി റോഡ് നവീകരണം ആരംഭിച്ചതോടെ ടൂറിസ്റ്റുകളുമായുള്ള വാഹനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടായതിനാൽ പള്ളാത്തുരുത്തി പാലത്തിനടുത്ത് നങ്കൂരമിട്ടിരുന്ന മുഴുവൻ ഹൗസ് ബോട്ടുകളും ഇപ്പോൾ പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിലാണ് കെട്ടിയിട്ടിരിക്കുന്നത്. ഇതുകാരണം, ടൂറിസ്റ്റുകളുമായി പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് തകർന്നു കിടക്കുന്ന റോഡിലൂടെ തലങ്ങുംവിലങ്ങും സഞ്ചരിക്കുന്നത്. ആലപ്പുഴയുടെ ടൂറിസം രംഗത്തിനുകൂടി പേരുദോഷമാവുകയാണ് കല്ലുപാലം -ചുങ്കം - പള്ളാത്തുരുത്തി റോഡ്
റോഡ് ഇടിഞ്ഞു താഴ്ന്നു
നവീകരണത്തിന്റെ ഭാഗമായികൊമേഴ്സ്യൽ കനാലിന്റെ ആഴംകൂട്ടിയതിനെത്തുടർന്ന് കല്ലുപാലത്തിനും ചുങ്കപ്പാലത്തിനും ഇടയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നിട്ട് ഒന്നരവർഷമായി. തോടിന്റെ തീരം സംരക്ഷിക്കാൻ പുതിയതായി നിർമ്മിച്ച കൽക്കെട്ടുകൾ പുതുമ തീരുന്നതിനുമുമ്പുതന്നെ ഇടിഞ്ഞുതുടങ്ങിയതും സ്ലാബിന്റെ വിടവുകളിൽ കൂടി വേലിയേറ്റ സമയത്ത് വെള്ളം റോഡിലേക്ക് കയറുന്നത് തടയാനാവാത്തതുമാണ് ഈ ദുരിതത്തിനു പിന്നിൽ.
"റോഡിന്റെ പുനരുദ്ധരണം ഒരുമാസത്തിനുള്ളിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കും. പുനർ നിർമ്മാണ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു.
-സൗമ്യാരാജ്, ചെയർപേഴ്സൺ, നഗരസഭ
"സ്കൂൾ തുറക്കുന്നതിന് മുമ്പ് റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ച് പൂത്തീകരിക്കണം. രണ്ട് കിലോമീറ്റർ ദൂരത്തിൽ റോഡിൽ കുഴികളുള്ളതിനാൽ രോഗികളെയും കൊണ്ട് വാഹനങ്ങളിൽ ആശുപത്രിയിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്.
- സി.ബാലു, പൊതുപ്രവർത്തകൻ
" റോഡിന്റെ പുനർ നിർമ്മാണത്തിന് 2.8കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സാങ്കേതിക അനുമതി ഒരാഴ്ചക്കുള്ളിൽ ലഭിച്ചാൽ ടെണ്ടർ നടപടി പൂർത്തീകരിച്ച് ഒക്ടോബറിൽ തന്നെ നിർമ്മാണ ജോലികൾ ആരംഭിക്കും.
-അസി.എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ് വിഭാഗം