സുരക്ഷയൊരുക്കി ലൈഫ് ഗാർഡും പൊലീസും
ആലപ്പുഴ: വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവ് പകർന്ന് ഇന്നലെ മുതൽ ജില്ലയിലെ ബീച്ചുകളും പാർക്കുകളും തുറന്നു. ആലപ്പുഴ ബീച്ച്, മാരാരി ബീച്ച്, തോട്ടപ്പള്ളി പൊഴിമുഖം, വലയഴീക്കൽ ബീച്ച് എന്നിവിടങ്ങളിലാണ് പ്രധാനമായും സഞ്ചാരികൾ എത്തുന്നത്. ഇന്നലെ ആലപ്പുഴ ബീച്ചിൽ വലയ തിരക്കാണ് അനുഭവപ്പെട്ടത്. സഞ്ചാരികൾക്ക് സുരക്ഷയൊരുക്കി ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ലോക്കൽ പൊലീസും ആലപ്പുഴ ബീച്ചിൽ രംഗത്തുണ്ടായിരുന്നു. സാമൂഹിക അകലം പാലിച്ച് സഞ്ചാരികളെ നിയന്ത്രിക്കാൻ ശരിക്കും പെടാപ്പാട് പെട്ടു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർനിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് സഞ്ചാരികൾ ബീച്ചുകളിലേക്ക് എത്തുന്നത്.
ശ്രദ്ധിക്കേണ്ടത്
കൊവിഡ് ലക്ഷണമുള്ളവർക്ക് ബീച്ചുകളിലും പാർക്കുകളിലും പ്രവേശനമില്ല.
മാസ്‌ക് ശരിയായി ധരിക്കണം, സാമൂഹിക അകലം പാലിക്കണം
സാനിട്ടൈസറിന്റെ ഉപയോഗം ഉറപ്പാക്കണം
വിശ്രമകേന്ദ്രങ്ങൾ, ശുചിമുറികൾ, കടകൾ എന്നിവ ഇടവേളകളിൽ അണുവിമുക്തമാക്കണം
നടപടിയെടുക്കേണ്ടത്
ബീച്ചുകളുടെയും പാർക്കുകളുടെയും പ്രവർത്തനത്തിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, റവന്യൂ അധികാരികൾ, ടൂറിസം ഡെപ്യൂട്ടി, ഡി.ടി.പി.സി സെക്രട്ടറി, പോർട്ട് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിലക്ക്
ബീച്ചിൽ എത്തുന്നവർക്ക് കടലിൽ ഇറങ്ങുവാനോ കുളിക്കുവാനോ അനുമതിയില്ല. ഇത് ലംഘിച്ചാൽ പിഴയടക്കേണ്ടിവരും.
ആലപ്പുഴ ബീച്ച്
ദൈർഘ്യം : ഒരുകിലോമീറ്റർ
ലൈഫ് ഗാർഡുകൾ: 10
ടൂറിസം ഗാർഡുകൾ : 10
"ജെ.സി.ബി ഉപയോഗിച്ച് ബീച്ചിലെ ശുചീകരണ ജോലികൾ നാളെ പൂർത്തീകരിക്കും. കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കുക, കുടിവെള്ള ടാങ്ക് സ്ഥാപിക്കൽ എന്നിവ പൂർത്തിയായി. നിലവിലുള്ള ഗാർഡുകൾക്ക് പുറമേ അവധി ദിവസങ്ങളിൽ കൂടുതൽ ജീവനക്കാരെ സുരക്ഷക്കായി ഉപയോഗിക്കും. മാർഗനിർദേശങ്ങൾ കർശനമായി സന്ദർശകർ പാലിക്കണം.
-മാലിൻ, സെക്രട്ടറി, ഡി.ടി.പി.സി