ആലപ്പുഴ: തോട്ടപ്പള്ളിയിൽ നിന്ന് ആറുദിവസം മുമ്പ് കാണാതായ സി.പി.എം അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവന്റെ ഭവനം മുൻ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി.സുധാകരൻ സന്ദർശിച്ചു. സജീവന്റെ അമ്മ, ഭാര്യ സജിത,മകൻ, മറ്റ് ബന്ധുകൾ, സുഹൃത്തുക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കാണാതായ സമയം മുതൽ ജില്ലാ പൊലീസ് മേധാവി, ഡിവൈ.എസ്.പി, സി.ഐ തുടങ്ങിയവരുമായി ബന്ധപ്പെട്ട വിവരങ്ങൾ ജി.സുധാകരൻ കുടുംബാംഗങ്ങളോട് വിശദീകരിച്ചു.
അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനമാകെ അറിയിപ്പ് നൽകിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞ കാര്യവും കുടുംബാംഗങ്ങളെ ജി.സുധാകരൻ അറിയിച്ചു. സജീവൻ ഫോൺ കൊണ്ടു പോകാതിരുന്നതാണ് അന്വേഷണത്തിന് കാലതാമസം വരുത്തുന്നത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് ജി.സുധാകരൻ മടങ്ങിയത്.